ജക്കാർത്ത: മധ്യ ഇന്തോനേഷ്യയിൽ സ്ത്രീയെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. ഇന്തോനേഷ്യയിലെ കലംപാങ് സ്വദേശിനിയും 45-കാരിയുമായ ഫാരിദയാണ് പെരുമ്പാമ്പിന്റെ ആക്രമണത്തിനിരയായത്.
16 അടി നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റിൽ നിന്നാണ് ഫാരിദയെ കണ്ടെത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. രാത്രിയാണ് പുറത്തുപോയ ഫാരിദയെ കാണാതാവുന്നത്.
തുടർന്ന് രാവിലെയോടെ നാട്ടുകാർ തെരച്ചിൽ ആരംഭിക്കുകയായിരുന്നു. ഇതിനിടയിൽ ഫാരിദയുടെ ചില ആഭരണങ്ങളും മറ്റ് വസ്തുക്കളും ഭർത്താവിന് പ്രദേശത്ത് നിന്ന് ലഭിച്ചു.
തുടർന്ന് കാട് നിറഞ്ഞ പ്രദേശം വെട്ടി തെളിച്ചതോടെയാണ് 16 അടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തിയത്. സംശയം തോന്നിയ നാട്ടുകാർ പാമ്പിനെ തല്ലിക്കൊന്ന് വയർ കീറി പരിശോധിച്ചു.
ഇതോടെയാണ് മദ്ധ്യവയസ്‌കയെ പാമ്പ് വിഴുങ്ങിയതാണെന്ന് മനസിലായതെന്ന് ഗ്രാമത്തലവൻ സുർദി റോസി പറഞ്ഞു.
ഇത്തരത്തിലുള്ള സംഭവങ്ങൾ ഇന്തോനേഷ്യയിൽ ഇതിന് മുമ്പും നടന്നിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ വർഷം ടിനാംഗേ ഗ്രാമത്തിലെ കർഷകരിൽ ഒരാളെ പെരുമ്പാമ്പ് വരിഞ്ഞുമുറുക്കി കൊലപ്പെടുത്തിയിരുന്നു.
ഇയാളെ വിഴുങ്ങുന്നതിനിടെയാണ് നാട്ടുകാർ പാമ്പിനെ പിടികൂടിയത്. 8 അടി നീളമുള്ള പെരുമ്പാമ്പായിരുന്നു. 2018ലും സമാനമായ സംഭവം നടന്നിട്ടുണ്ട്. മുനാ ടൗണിൽ വച്ച് 54 കാരിയായ മദ്ധ്യവയസ്‌കയെയും പെരുമ്പാമ്പ് വിഴുങ്ങിയിരുന്നു.