തീയറ്ററിൽ ഇരുന്ന് സിനിമ കാണുമ്പോൾ പോപ്‌കോൺ കൊറിക്കുന്നത് ശീലമാക്കിയവരാണ് മിക്കവാറും. ഇന്റർവെൽ സമയത്ത് ഐസ് ക്രീം വാങ്ങാൻ ഓടുന്നവരുമുണ്ട്. ഇനി കുഞ്ഞുങ്ങളെ കൊണ്ടാണ് സിനിമ കാണാൻ പോയതെങ്കിലോ. അവരെ ഒന്ന് അടക്കി ഇരുത്തണമെങ്കിൽ ആവശ്യപ്പെടുന്ന ഭക്ഷണം വാങ്ങി നൽകേണ്ടി വരും. എന്നാൽ കുടിവെള്ളം പോലും പുറത്തു നിന്ന് കൊണ്ടുപോകാൻ അനുവദിക്കാത്ത തീയറ്ററുകളുണ്ട്. അങ്ങനെയുള്ളപ്പോൾ തീയറ്ററിന്റെ ഉള്ളിൽ നിന്ന് തന്നെ ഭക്ഷണവും വെള്ളവും വാങ്ങേണ്ടി വരും.
എന്നാൽ ചില തീയറ്ററുകളിലെ ഭക്ഷണ സാധനങ്ങളുടെ വില സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. യഥാര്‍ഥവിലയുടെ ഇരട്ടിയിലേറെയാണ് തിയേറ്ററുകള്‍ ഭക്ഷണസാധനങ്ങള്‍ക്ക് ഈടാക്കുന്നത്. പിവിആര്‍ തിയേറ്ററുകളില്‍ സിനിമാ ടിക്കറ്റിന്റെ വില്‍പ്പനയേക്കാള്‍ കുതിക്കുന്നത് ഭക്ഷണസാധനങ്ങളുടെ വില്‍പ്പനയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2023-2024 വര്‍ഷത്തിലെ കണക്കുപ്രകാരം ഫുഡ് ആന്റ് ബീവറേജസ് വില്‍പ്പന 21% വര്‍ധിച്ചുവെന്ന് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. അതേ സമയം സിനിമാ ടിക്കറ്റ് വില്‍പ്പനയില്‍ 19 ശതമാനമാണ് വര്‍ധന ഉണ്ടായത്.
കഴിഞ്ഞ വർഷം 1958 കോടിയാണ് പിവിആര്‍ തിയേറ്ററുകള്‍ ഭക്ഷണസാധനങ്ങള്‍ വിറ്റ് നേടിയത്. അതിന് മുന്‍പുള്ള വര്‍ഷത്തില്‍ 1618 കോടിയായിരുന്നു. സിനിമാ ടിക്കറ്റിനത്തില്‍ 2022-2023 കാലയളവില്‍ 2751 കോടി നേടിയപ്പോള്‍ 2023-2014 ല്‍ അത് 3279 കോടിയായി ഉയർന്നു. ഹിറ്റ് സിനിമകള്‍ കുറവായതിനാലാണ് ഈ കാലയളവില്‍ ടിക്കറ്റ് വില്‍പ്പനയുടെ നിരക്കിനേക്കാള്‍ ഭക്ഷണ സാധനങ്ങള്‍ വിറ്റുപോയതെന്ന് പിവിആര്‍ ഐനോക്‌സ് ഗ്രൂപ്പ് സിഎഫ്ഒ നിതിന്‍ സൂദ് പറഞ്ഞതായി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മെട്രോ നഗരങ്ങളിലും മെട്രോ ഇതര നഗരങ്ങളിലും പി.വി ആര്‍ ധാരാളം ഫുഡ് ആന്റ് ബിവറേജസ് ഓട്ട്ലെറ്റുകള്‍ തുറന്നിട്ടുണ്ട്. അവിടെ നിന്ന് ഭക്ഷണം വാങ്ങണമെങ്കില്‍ സിനിമ കാണണമെന്ന് നിര്‍ബന്ധമില്ല. അതും വില്‍പ്പന വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്ന് എലാറ ക്യാപിറ്റല്‍ സീനിയര്‍ വൈസ് പ്രസിഡന്റ് കരണ്‍ ടൗരാനി കൂട്ടിച്ചേർത്തു.
Read Also: എസ്ബിഐക്ക് പണി നൽകി കാർഡ് ക്ലോണിംഗ്; ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണം
Read Also: ഗവർണർക്ക് തിരിച്ചടി; സർവകലാശാല സെനറ്റിലേക്കുള്ള നാമനിർദേശം റദ്ദാക്കി ഹൈക്കോടതി