കൊല്ലം: ആഴക്കിണറ്റിൽ നിന്ന് വൃദ്ധയുടെ ജീവൻ കോരിയെടുക്കാനായതിന്റെ സംതൃപ്തിയിലാണ് പുത്തൂർ എസ്.ഐ ടി.ജെ.ജയേഷ്. ഫയർഫോഴ്സ് ഉദ്യോഗസ്ഥനായി പതിനൊന്ന് വർഷം സേവനം അനുഷ്ഠിച്ചതിന്റെ ഉശിരാണ് ഒരു ജീവൻ രക്ഷിക്കാൻ സഹായിച്ചത്.Puttur SI TJ Jayesh is satisfied that the old woman’s life was saved from the well.
ഇന്നലെ രാവിലെ 10.18ന് കൊട്ടാരക്കര വെണ്ടാർ ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ നിന്നാണ് പുത്തൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിയെത്തിയത്. വൃദ്ധ കിണറ്റിൽ വീണെന്ന സന്ദേശം കിട്ടിയതോടെ സി.ഐയുടെ ജീപ്പിൽ ജയേഷ് സംഭവ സ്ഥലത്തേക്ക് കുതിച്ചു.
ഗ്രേഡ് എസ്.ഐ മധുവും പൊലീസുകാരൻ ഡാനിയേൽ യോഹന്നാനും കൂടെക്കൂടി. മിനിട്ടുകൾക്കുള്ളിൽ അപകടം നടന്ന കിണറ്റിന് സമീപത്തെത്തി. വെണ്ടാർ കിഴക്കതിൽ വീട്ടിൽ രാധമ്മയാണ് (74) കിണറ്റിൽ വീണത്. പിന്നീട് ഒരു നിമിഷംപോലും പാഴാക്കാതെ ജയേഷ് കിണറ്റിലേക്ക് ഇറങ്ങുകയായിരുന്നു.
35 അടി താഴ്ചയുള്ള കിണറിന്റെ 4 കോൺക്രീറ്റ് തൊടികൾ കഴിഞ്ഞാൽ ശേഷിക്കുന്നത് ഒരു വശം മാത്രമുള്ള മൺ തൊടികളാണ്. അതിൽ ചവിട്ടുമ്പോൾ തന്നെ ഇടിയാൻ തുടങ്ങി.
ലാഡർ ഇറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ ഇരുപത്തഞ്ചടിയിൽ കൂടുതൽ വെള്ളമുണ്ടെന്ന് വ്യക്തമായി. ഓക്സിജന്റെ കുറവും അനുഭവപ്പെട്ടു. അതിനിടെ മുങ്ങിപ്പൊങ്ങിയ രാധമ്മയുടെ കൈയിൽ പിടികിട്ടി.
കസേരയിറക്കി അതിലിരുത്താൻ ശ്രമിച്ചെങ്കിലും രാധമ്മയ്ക്ക് ബോധം നഷ്ടപ്പെട്ടതിനാൽ വിജയിച്ചില്ല. ഫയർഫോഴ്സ് എത്താനെടുത്ത അര മണിക്കൂറോളം രാധമ്മയെ കൈയിൽ തൂക്കിനിറുത്തി.
ഇടയ്ക്ക് ഒരു കയർകൂടിയിട്ട് അരയിൽ കെട്ടിമുറുക്കിയതിനാൽ താഴേക്ക് പോയില്ല. 11 ഓടെ ഫയർഫോഴ്സ് സംഘമെത്തി നെറ്റ് ഉപയോഗിച്ച് രാധമ്മയെ കരയിലെത്തിച്ചത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വൈകിട്ടോടെ വീട്ടിലേക്ക് മടങ്ങി.