തിരുവനന്തപുരം: പുരപ്പുറ സോളാർ പദ്ധതിക്ക് കെ.എസ്.ഇ.ബി.യുടെ ട്രാൻസ്പോർമർ പാര. ട്രാൻസ്ഫോർമർ ശേഷിയുടെ 75% ത്തിൽ കൂടുതൽ വൈദ്യുതി ഉൽപാദനം അനുവദിക്കേണ്ടെന്നാണ് തീരുമാനമാണ് കീറാമുട്ടിയാക്കുന്നത്. 90%വരെ റെഗുലേറ്ററി കമ്മിഷൻ അനുവദിക്കുന്നുണ്ട്.സൂര്യഘർ മുഫ്ത് ബിജ്ലി യോജനയിൽ രാജ്യത്തെ ഒരു കോടി വീടുകളിൽ 78,000രൂപവരെ സബ്സിഡിയോടെ സോളാർ പ്ലാന്റുകൾ സ്ഥാപിക്കുന്ന പദ്ധതിയാണിത്.
പുരപ്പുറ സോളാർ അപേക്ഷകളിൽ പകുതിയിലേറെയും അനുമതി കിട്ടാതെ കെ.എസ്.ഇ.ബി. ഒാഫീസുകളിൽ കുടുങ്ങിക്കിടക്കുകയാണ്. കഴിഞ്ഞ മാസം മാത്രം 75000ത്തിലേറെ അപേക്ഷകളാണ് ലഭിച്ചത്. മൊത്തം സോളാർ വൈദ്യുതിയും ഗ്രിഡിലേക്ക് നൽകണമെന്നും അതിനുള്ള നെറ്റ് മീറ്റർ കെ.എസ്.ഇ.ബി.യിൽ നിന്ന് തന്നെ വാങ്ങണമെന്നുമാണ് വ്യവസ്ഥ. കെ.എസ്.ഇ.ബി.യിലാണെങ്കിൽ നെറ്റ് മീറ്റർ ഇല്ലതാനും. ഇതോടെ പൂർത്തിയായ 40തിലേറെ പദ്ധതികളാണ് ഒാരോ സെക്‌ഷനിലും ഉൽപാദനം തുടങ്ങാനാകാതെ കെട്ടി കിടക്കുന്നത്. ഗ്രിഡിൽ കണക്ട് ചെയ്യാതെ സൗരോർജ്ജം ഉൽപാദിപ്പിക്കാനാവില്ല. സംസ്ഥാനത്ത് 1.27ലക്ഷം വീടുകളിലെ സോളാർ പ്ലാന്റുകൾ 1009.29 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നുണ്ട്.
സോളാർ സ്ഥാപിച്ചവർ പകൽ ഗ്രിഡിലേക്ക് നൽകുന്നത്രയും വൈദ്യുതി രാത്രിയിൽ അവർക്ക് തിരിച്ചു നൽകണമെന്നാണ് വ്യവസ്ഥ. പകൽ വൈദ്യുതി വില യൂണിറ്റിന് നാല് രൂപയിൽ താഴെയാണെങ്കിൽ രാത്രി 12രൂപയിൽ കൂടുതലാണ്. ഇതുമൂലം വൻ സാമ്പത്തിക നഷ്ടമുണ്ടാകും.
സോളാർ പദ്ധതി നഷ്ടം പഠിക്കാൻ കളമശേരിയിലെ സിസ്റ്റം ഒാപ്പറേഷൻ വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനിയർ എൻ.എക്സ് സുനിലിന്റെ നേതൃത്വത്തിൽ വിദഗ്ദ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്.നെറ്റ് മീറ്റർ തെളിവെടുപ്പ് 15ന്പുരപ്പുറ സോളാർ സ്ഥാപിച്ചവർക്കും സോളാർ പ്ളാന്റുടമകൾക്കും ബാധകമായ നെറ്റ് മീറ്ററിംഗ് രണ്ടാംഭേദഗതി വ്യവസ്ഥകൾ സംബന്ധിച്ച് സംസ്ഥാന റെഗുലേറ്ററി കമ്മിഷൻ 15ന് രാവിലെ 11ന് വെള്ളയമ്പലത്തെ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഹാളിൽ തെളിവെടുക്കും. മാർച്ച് 20ലെ തെളിവെടുപ്പിൽ അഭിപ്രായം അറിയിക്കാത്തവർക്ക് അന്ന് അറിയിക്കാം.