പൂനെ: മദ്യപിച്ച് ആഡംബര വാഹനമോടിച്ച് ബൈക്ക് യാത്രികരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ 17കാരന്റെ അമ്മയെ അറസ്റ്റ് ചെയ്ത് പോലീസ്. ശിവാനി അഗർവാളാണ് കേസിൽ അറസ്റ്റിലായത്. രക്ത സാംപിളിൽ കൃത്രിമം നടത്തിയതിനും തെളിവ് നശിപ്പിച്ചതിനുമാണ് നടപടി. 17കാരൻ മദ്യപിച്ചില്ലെന്ന് വരുത്താൻ പ്രതിയുടേതിന് പകരം അമ്മയുടെ രക്തസാംപിളാണ് പരിശോധിച്ചതെന്ന് കണ്ടെത്തിയിരുന്നു.
കേസിൽ കുറ്റമേൽക്കാൻ കുടുംബ ഡ്രൈവറെ നിർബന്ധിച്ചെന്ന പരാതിയിൽ പ്രതിയുടെ അച്ഛനെയും മുത്തച്ഛനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പതിനേഴുകാരൻ്റെ അച്ഛൻ വിശാൽ അഗർവാളും മുത്തച്ഛൻ സുരേന്ദ്ര അഗർവാളും ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
രാജ്യത്താകെ ചർച്ച വിഷയമായ പൂനെ വാഹനാപകടം മെയ് 19നാണ് നടന്നത്. അപകടമുണ്ടാക്കുന്നതിന് മുൻപ് ബാറിൽ നിന്ന് മദ്യപിച്ച 17കാരന്റെ രക്ത സാംപിളിൽ മദ്യത്തിന്റെ അംശമില്ലെന്ന് മെഡിക്കൽ റിപ്പോർട്ട് വന്നതോടെ പൊലീസിനെതിരെ വലിയ രീതിയിലാണ് വിമർശനം ഉയർന്നത്. ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് സംഭവത്തിലെ ഞെട്ടിക്കുന്ന ഗൂഡാലോചന പുറത്ത് വന്നത്.
Read Also: സൈബറിടങ്ങളിൽ കോൺഗ്രസ് തേരോട്ടം; മോദിയുടെ പ്രസംഗങ്ങളെക്കാള്‍ കാഴ്ചക്കാർ കൂടുതൽ രാഹുലിന്