കല്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി ഇന്ന് ജനകീയ തെരച്ചിൽ. ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്ന പ്രദേശവാസികളെ കൂടി ഉൾപ്പെടുത്തി മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലാണ് തെരച്ചിൽ നടത്തുക.Public search today for those missing in the disaster
ആറുമേഖലകളായി തിരിച്ചാണ് ദുരന്തത്തിൽ കാണാതായവർക്കായി അന്വേഷണം നടത്തുക. അതേസമയം, ദുരന്തത്തിൽ കാണാതായ 131 പേരുടെ പേരുവിവരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലഭിച്ച ശരീരഭാഗങ്ങളുടെ എണ്ണം മരിച്ചവരുടെ എണ്ണമായി പറയുന്നത് ശാസ്ത്രീയമായി ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കണ്ടെടുക്കുന്ന ശരീരഭാഗങ്ങൾ 90 ശതമാനമോ അതിനുമുകളിലോ ഉണ്ടെങ്കിൽ അത് മൃതദേഹമായി കണക്കാക്കും. അതിൽ കുറഞ്ഞവ ശരീരഭാഗമായി കണക്കാക്കും. 195 ശരീരഭാഗങ്ങളാണ് കണ്ടെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ ശരീരഭാഗങ്ങളുടെയും തിരിച്ചറിഞ്ഞതുൾപ്പെടെയുള്ള എല്ലാ മൃതദേഹങ്ങളുടെയും ഡി.എൻ.എ. സാംപിൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
പരിശോധനാഫലം വന്നശേഷം മാത്രമേ കൃത്യമായ എണ്ണം കണക്കാക്കാനാവൂ. ക്യാമ്പുകളിലേക്ക് സാധനങ്ങൾ ഇനി അയക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പുനരധിവാസത്തിനുള്ള സാമ്പത്തികസഹായമാണ് ഇനിവേണ്ടത്. ഇത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നേരിട്ട് അയക്കുകയോ കളക്ടറേറ്റുകളിൽ ചെക്ക്, ഡ്രാഫ്റ്റ് മുഖേന നൽകുകയൊ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.