ന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണു നിർണായക നടപടിയുമായി കായിക മന്ത്രാലയം . ലൈംഗികാരോപണം നേരിടുന്ന ബി.ജെ.പി എം.പി ബ്രിജ്ഭൂഷൻ ശരൺ സിംഗ് പക്ഷം വിജയിച്ച ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഭരണ സമിതിയെ കേന്ദ്ര സ്‌പോർട്‌സ് മന്ത്രാലയം ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ സസ്‌പെന്റ് ചെയ്തു. ബ്രിജ്ഭൂഷന്റെ അടുത്ത അനുയായി സഞ്ജയ് സിംഗ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിട്ട് മൂന്നു ദിവസമേ ആയിട്ടുള്ളൂ.
ബ്രിജ്ഭൂഷണിന്റെ വിശ്വസ്തൻ അധ്യക്ഷനായതിന് എതിരെ വ്യാപകമായ പ്രതിഷേധമുയർന്നിരുന്നു. ഗുസ്തി താരം സാക്ഷി മാലിക് കരിയർ അവസാനിപ്പിക്കുകയാണെന്നു പ്രഖ്യാപിച്ചിരുന്നു. ബജ്‌രങ് പുനിയ ഉൾപ്പെടെയുള്ള താരങ്ങൾ സഞ്ജയ് സിങ്ങിനെ തിരഞ്ഞെടുത്തതിനെതിരെ രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ 47 ൽ 40 വോട്ടുകളും സ്വന്തമാക്കിയാണ് സഞ്ജയ് സിങ് വിജയിച്ചത്.
ലൈംഗികാതിക്രമക്കേസിലെ പ്രതിയായ ബ്രിജ് ഭൂഷണെതിരെ നടപടി ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ പ്രതിഷേധത്തിലാണ്. ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് സ്ഥാനത്തേക്കു, പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾ മത്സരിപ്പിച്ച കോമൺവെൽത്ത് ഗെയിംസ് സ്വർണമെഡൽ വിജയി അനിത ഷോറന് ആകെ ഏഴുവോട്ടുകൾ മാത്രമാണു ലഭിച്ചത്. തിരഞ്ഞെടുപ്പു ഫലത്തിൽ നിരാശയുണ്ടെന്ന് ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‍രംഗ് പുനിയയും പ്രതികരിച്ചിരുന്നു.
Read Also : റോബിൻ ബസ് വിട്ടുകൊടുക്കാൻ കോടതി ഉത്തരവ്; തകരാറുകള്‍ പരിഹരിച്ച് വീണ്ടും സര്‍വീസ് തുടങ്ങുമെന്ന് ഉടമ