സ്വകാര്യബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ റദ്ദാക്കി. മോട്ടോർ വെഹിക്കിൾ സ്കീമിലെ വ്യവസ്ഥയാണ് ജസ്റ്റിസ് ദിനേശ് കുമാർ സിങ് റദ്ദാക്കിയത്. സ്വകാര്യ ബസുടമകൾ സമർപ്പിച്ച ഹർജിയിലാണ് കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
2020 സെപ്റ്റംബർ 14-നാണ് കെഎസ്ആർടിസിക്ക് ഏറെ ഗുണകരമായ സ്കീമിന്റെ കരട് പ്രസിദ്ധീകരിച്ചിരുന്നത്. പുതിയ സ്കീമിന് രൂപംനൽകിയാൽ ഒരു വർഷത്തിനകം ബന്ധപ്പെട്ട കക്ഷികളെ കേട്ട് അന്തിമമാക്കണമെന്നാണ് വ്യവസ്ഥ. അതുണ്ടായില്ല എന്നതിനാൽ സ്കീം നിയമപരമല്ലെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. പുതിയ സ്കീമിന്റെ അടിസ്ഥാനത്തിൽ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് പുതുക്കി നൽകേണ്ടെന്ന തീരുമാനത്തെ തുടർന്നാണ് കോടതിയെ സമീപിച്ചത്. ഇത് അംഗീകരിച്ചുകൊണ്ട് കോടതി ഉത്തരവിട്ടു. ദീർഘദൂര റൂട്ടുകളിൽ പെർമിറ്റ് അനുവദിക്കണമെന്നത് സ്വകാര്യ ബസുടമകളുടെ ഏറെ നാളായുള്ള ആവശ്യമായിരുന്നു.
കോടതി ഉത്തരവോടെ സ്വകാര്യബസുകൾക്ക് 140 കിലാേമീറ്ററിലധികം ദൂരത്തിൽ പെർമിറ്റ് സ്വന്തമാക്കി സർവീസ് നടത്താനാവും എന്നത് കെഎസ്ആർടിസിയുടെ ദീർഘദൂര സർവീസുകളെ ബാധിക്കും. ഇത് കോർപ്പറേഷന്റെ വരുമാനത്തിൽ പ്രതിഫലിക്കും.
ഇപ്പോൾതന്നെ പെൻഷനും ശമ്പളത്തിനുമുളള പണം കണ്ടെത്താനാകാതെ കോർപ്പറേഷൻ വലയുകയാണ്. ദീർഘദൂര സർവീസ് നടത്താൻ കെഎസ്ആർടിസ് സ്വിഫ്റ്റ് അടുത്തിടെ നിരവധി പ്രീമിയം ബസുകൾ പുറത്തിറക്കിയിരുന്നു.
മോട്ടോർവാഹനവകുപ്പിൻറെ തീരുമാനത്തെ തുടർന്ന് മലയോരമേഖലകളിൽ നിന്നുള്ള ഒട്ടേറെ സ്വകാര്യ സർവീസുകൾക്ക് പെർമിറ്റ് നഷ്ടമായി. ഇത് ആസ്ഥലങ്ങളിൽ രൂക്ഷമായ യാത്രക്ലേശത്തിനും കാരണമാക്കി. ഈ റൂട്ടുകളിൽ കെഎസ്ആർടിസി സർവീസുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും ബസുകളില്ലാത്തതിനാൽ അത് നടപ്പായില്ല. ഇതിനിടെയാണ് ഇപ്പോൾ മോട്ടോർ വാഹനവകുപ്പിൻറെ പുതുക്കിയ സ്കീം നിയമപരമല്ലെന്ന ഉത്തരവ് വരുന്നത്.
English summary : Private buses can cover a distance of more than 140 km; A crucial order of the court was issued on the petition filed by the private bus owners