ചേര്‍ത്തല: സ്വകാര്യബസ് ലോറിയ്ക്ക് പിന്നിലിടിച്ച് അപകടം. സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം 25 ഓളം പേര്‍ക്ക് പരിക്കേറ്റു. ചേര്‍ത്തല വയലാര്‍ കൊല്ലപ്പള്ളി ക്ഷേത്രത്തിന് സമീപത്താണ് അപകടം നടന്നത്.(Private bus accident in cherthala; passengers were injured)
ബുധനാഴ്ച വൈകിട്ട് 4മണിയോടെയായിരുന്നു അപകടമുണ്ടായത്. എറണാകുളത്ത് നിന്ന് ചേര്‍ത്തലയ്ക്ക് വരുകയായിരുന്ന ആശീര്‍വാദ് എന്ന സ്വകാര്യ ബസ് എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാലിത്തീറ്റ ഇറക്കികൊണ്ടിരുന്ന നിര്‍ത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.
പരീക്ഷ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന ചേര്‍ത്തല പട്ടണക്കാട് പബ്ലിക്ക് സ്‌കൂളിലെ 5 വിദ്യാത്ഥിനികള്‍ക്കും ഒരു ആണ്‍കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ സാരമായി പരിക്കേറ്റ 2 പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കും, ഒരാളെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്കും മാറ്റി. പാതിരാപ്പള്ളി, പുത്തന്‍പുരയ്ക്കല്‍ മൈക്കിള്‍ (80), തൈക്കല്‍ പള്ളി പറമ്പ് മറിയാമ്മ (50), പട്ടണക്കാട് വാതാ പറമ്പില്‍ തങ്കച്ചി (53) എന്നിവരെയാണ് വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയത്.