ബംഗളൂരു: തടവിൽ കഴിഞ്ഞപ്പോൾ സമ്പാദിച്ച വേതനം ഉപയോഗിച്ച് കോടതി ഉത്തരവിട്ട പിഴ അടച്ച് മോചനം നേടി തടവുകാരൻ. കലബുറുഗി സെൻട്രൽ ജയിലിലെ തടവുകാരനായ റയ്ച്ചൂർ ജില്ലയിൽ ലിംഗസുഗുർ താലൂക്കിലെ ജന്തപുര ഗ്രാമത്തിൽ താമസിക്കുന്ന ദുർഗപ്പയാണ് (65) ജീവപര്യന്തം തടവിൽ നിന്ന് മോചിതനായത്. 2012ലെ കേസിൽ 2013 മുതൽ ജീവപര്യന്തം തടവ് അനുഭവിച്ചുവരുകയായിരുന്നു ദുർഗപ്പ.
ശിക്ഷക്ക് പുറമേ 1.10 ലക്ഷം രൂപ പിഴയും തുക അടക്കുന്നതിൽ പരാജയപ്പെട്ടാൽ ഒരു വർഷവും ആറ് മാസവും കൂടി തടവ് ശിക്ഷയും കോടതി വിധിച്ചിരുന്നു. 2024ൽ ദുർഗപ്പ മോചിതനാകേണ്ടതാണ് എന്നാൽ പിഴയടക്കാൻ ശേഷിയില്ലായിരുന്നു. ബന്ധുക്കളാരും സഹായത്തിനെത്തിയുമില്ല. ജയിലിൽ ദുർഗപ്പ പാചകക്കാരനായി ജോലി ചെയ്തുവരികയായിരുന്നു.
ജയിൽ ഓഫിസർ ആർ. അനിതയുടെ അന്വേഷണത്തിൽ ദുർഗപ്പയുടെ അക്കൗണ്ടിൽ നിക്ഷേപിച്ച ജയിലിലെ ജോലിയുടെ കൂലി 2.80 ലക്ഷം രൂപയുണ്ടെന്ന് കണ്ടെത്തി. പണം പിൻവലിക്കുന്നതിനുള്ള കടമ്പകൾ അനിത ബാങ്ക് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് മറികടക്കുകയായിരുന്നു. ദുർഗപ്പ ബാങ്ക് വഴി 1.10 ലക്ഷം രൂപ പിഴ അടച്ചു. തുടർന്ന് കോടതി അദ്ദേഹത്തെ വിട്ടയക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു.