സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് വേണ്ട
ന്യൂഡൽഹി: സമൂസ, ജിലേബി, ലഡ്ഡു തുടങ്ങിയ ഇന്ത്യൻ ലഘുഭക്ഷണങ്ങളിലും മധുരപലഹാരങ്ങളിലും മുന്നറിയിപ്പ് ലേബലുകൾ പതിക്കാൻ കേന്ദ്ര ആരോഗ്യവകുപ്പ് നിർദേശിച്ചു എന്ന വാർത്ത നിഷേധിച്ച് പ്രസ് ഇൻഫർമേഷൻ ബ്യൂറോ.
ഇത്തരം മുന്നറിയിപ്പുകൾ നൽകാൻ വില്പനക്കാരോട് നിർദ്ദേശിച്ചിട്ടില്ലെന്ന് പിഐബിയുടെ പ്രസ്താവനയിൽ ഉണ്ട്. ഇത് സംബന്ധിച്ച ചില മാധ്യമ റിപ്പോർട്ടുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പിഐബി പറഞ്ഞു.
“സമൂസ, ജിലേബി, ലഡു തുടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ മുന്നറിയിപ്പ് ലേബലുകൾ പുറത്തിറക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചതായി ചില മാധ്യമ റിപ്പോർട്ടുകൾ അടുത്തിടെ വന്നിട്ടുണ്ട്, ഇവ തെറ്റാണ്,”
അതേസമയം “ഏതെങ്കിലും പ്രത്യേക ഭക്ഷ്യ ഉൽപന്നങ്ങളെക്കുറിച്ചല്ല, മറിച്ച് എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളിലും ഒളിഞ്ഞിരിക്കുന്ന കൊഴുപ്പിനെയും അധിക പഞ്ചസാരയെയും കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനുള്ള ശ്രമം”എന്ന നിലയിലാണ് സർക്കാരിന്റെ പുതിയ തീരുമാനത്തെ പിഐബി വിശേഷിപ്പിച്ചത്.
“ജോലിസ്ഥലങ്ങളിലെ ആരോഗ്യകരമായ ഓപ്ഷനുകൾക്കു വേണ്ടിയുള്ളതാണ് ഈ ഉപദേശം, ആരോഗ്യകരമായ ഭക്ഷണത്തിനും ജീവിതത്തിനും വേണ്ടി അധിക എണ്ണയും പഞ്ചസാരയും കുറയ്‌ക്കുന്നതിന് ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ നടത്തണമെന്നാണ് മന്ത്രാലയത്തിന്റെ പൊതുഉപദേശം പറഞ്ഞുവെക്കുന്നത്.
എന്നാൽ ഇത് ഇന്ത്യയുടെ സമ്പന്നമായ സ്ട്രീറ്റ് ഫുഡ് സംസ്കാരത്തെ ലക്ഷ്യമിടുന്നില്ല,” പിഐബി പ്രസ്താവനയിൽ പറയുന്നു.
ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്യാൻ പത്രക്കടലാസ് പാടില്ല; കർശന നിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്
തിരുവനന്തപുരം: തട്ടുകടകളുൾപ്പെടെയുള്ള ചെറുകിട വ്യാപാരസ്ഥാപനങ്ങളിൽ ഭക്ഷ്യവസ്തുക്കൾ പൊതിയാൻ ഫുഡ്‌ഗ്രേഡ് പാക്കിങ് മെറ്റീരിയലുകൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂവെന്ന് നിർദേശിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്.
ഭക്ഷണം പൊതിയാനും, പായ്ക്ക് ചെയ്യാനും, ശേഖരിച്ച് വയ്ക്കാനും ചെറുകിട വ്യാപാരസ്ഥാപനങ്ങളിൽ പത്രക്കടലാസുകൾ ഉപയോഗിക്കുന്നത് ലെഡ് പോലുള്ള രാസവസ്തുക്കൾ, ചായങ്ങൾ എന്നിവ നേരിട്ട് ഭക്ഷണത്തിൽ കലരാൻ ഇടയാകുന്ന സാഹചര്യത്തിലാണ് മാർഗനിർദേശം പുറത്തിറക്കിയത്.
സമൂസ, പക്കോഡ പോലുള്ള എണ്ണപലഹാരങ്ങളിലെ എണ്ണയൊപ്പാൻ പത്രക്കടലാസുകൾ ഉപയോഗിക്കുന്നതിന് എഫ്.എസ്.എസ്.എ.ഐ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഫലപ്രദമായ പാക്കേജിങിൽ ഭക്ഷണങ്ങളുടെ ഘടനമാറ്റം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്നതിനാൽ ഭക്ഷണം പായ്ക്ക് ചെയ്യാനും സംഭരിക്കാനും സുരക്ഷിതമാർഗമെന്ന നിലയിൽ ഫുഡ് ഗ്രേഡ് കണ്ടെയ്‌നറുകൾ ഉപയോഗിക്കണമെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.
ഭക്ഷ്യസംരംഭകരുൾപ്പെടെ പാക്കേജ് മെറ്റീരിയലുകൾ സംബന്ധിച്ച് മാർഗ നിർദേശങ്ങൾ കൃത്യമായി പാലിച്ച് ഭക്ഷ്യ സുരക്ഷ പ്രക്രിയയിൽ പങ്കാളികളാകണമെന്നും അറിയിപ്പിൽ പറയുന്നു.
English Summary
On 15 July 2025 the Press Information Bureau (PIB) Fact-Check unit categorically debunked viral claims that the Union Health Ministry had ordered health-warning labels for popular Indian snacks and sweets such as samosas, jalebis and laddoos