കൊച്ചി: വിജയം നേടിയ ഹൃദയം സിനിമയ്ക്ക് ശേഷം പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ അണിയിച്ചൊരുക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കും. വിനീത് ശ്രീനിവാസൻ തന്നെയാണ് രചനയും സംവിധാനവും നിർവഹിക്കുന്നത്. വർഷങ്ങൾക്കുശേഷം എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഒക്ടോബർ 27ന് കൊച്ചിയിൽ ആരംഭിക്കും. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, വിനീത് ശ്രീനിവാസൻ, ബേസിൽ ജോസഫ്, നീരജ് മാധവ്, നിത പിള്ള, അർജുൻലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ എന്നിവരാണ് മറ്റുതാരങ്ങൾ. ഹൃദയത്തിനുശേഷം വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും മെറിലാന്റ് സിനിമാസും വീണ്ടും ഒരുമിക്കുന്ന ചിത്രത്തിന് ചെന്നൈയാണ് മറ്റൊരു ലൊക്കേഷൻ. .പ്രണവ് മോഹൻലാലിന്റെ ജന്മദിനത്തിലാണ് പുതിയ സിനിമയുടെ പ്രഖ്യാപനം വിനീത് ശ്രീനിവാസൻ നടത്തിയത്. മെറിലാന്റ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് പ്രശസ്ത ഗായിക ബോംബെ ജയശ്രീയുടെ മകൻ അമൃത് രാംനാഥ് ആണ്. അമൃതിന്റെ മലയാള അരങ്ങേറ്റം കൂടിയാണ്. എൺപതുകളിൽ ശ്രീനിവാസന്റെ ചെന്നൈ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് വിവരം.അതേസമയം കുറുക്കൻ ആണ് വിനീത് ശ്രീനിവാസന്റേതായി അവസാനം റിലീസ് ചെയ്ത ചിത്രം. ഈ ചിത്രത്തിലൂടെ ഇടവേളയ്ക്കുശേഷം ശ്രീനിവാസൻ അഭിനയരംഗത്തേക്ക് മടങ്ങി എത്തുകയും ചെയ്തു. ഒരു ജാതി ജാതകം ആണ് റിലീസിന് ഒരുങ്ങുന്ന വിനീത് ശ്രീനിവാസൻ ചിത്രം. എം. മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിഖില വിമൽ ആണ് നായിക.