തൃശ്ശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കിൽ കവര്‍ച്ച കേസിൽ പ്രതി മലയാളിയെന്നു പോലീസ് നിഗമനം. ക്രിമിനൽ പശ്ചാത്തലമില്ലാത്ത ആളാണ് പ്രതിയെന്നാണ് പുറത്തു വരുന്ന വിവരം. പ്രതി ‘പ്രൊഫഷണല്‍ മോഷ്ടാവ്’ അല്ലെന്ന സൂചന പോലീസിന് നേരത്തേ ലഭിച്ചിരുന്നു.
മോഷണം നടന്ന പ്രദേശത്തുനിന്ന് അധികം ദൂരയല്ലാത്തയാൾ തന്നെയാകാം കൃത്യം നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പ്രതി ഇതര സംസ്ഥാനക്കാരനാകാമെന്ന സംശയത്തിലായിരുന്നു പോലീസ്. അതേസമയം, മോഷ്ടാവെത്തിയ ഇരുചക്രവാഹനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പടെ ലഭിച്ചിട്ടും പ്രതിയെ പിടികൂടാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.
പ്രതിയുടെ വാഹനവും കണ്ടെത്താനായിട്ടില്ല. പ്രതി പോയത് അങ്കമാലി ഭാഗത്തേക്ക് ആണെന്നതാണ് അന്വേഷണസംഘത്തിന് ലഭിച്ച ഏകവിവരം. പ്രതി സംസ്ഥാനം തന്നെ വിട്ടുപോകാനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നുമില്ല.