വിനോദസഞ്ചാരികളായി എത്തുന്നവർ പാവപ്പെട്ട യുവതികളെ പണം കൊടുത്ത് ഹ്രസ്വകാല ഭാര്യമാരാക്കിയ ശേഷം ഉപേക്ഷിക്കുന്ന സമ്പ്രദായം ഇന്തോനേഷ്യൻ ഗ്രാമങ്ങളിൽ സജീവമാവുന്നു എന്ന് റിപ്പോർട്ട്.Poor young women become temporary wives for tourists
എന്നാൽ ഇന്തോനേഷ്യൻ നിയമപ്രകാരം ഈ വിവാഹങ്ങൾ അംഗീകരിക്കപ്പെടുന്നില്ല. പിടിക്കപ്പെട്ടാൽ വിവാഹ നിയമങ്ങളുടെ ലംഘനം നടത്തിയതിന് പിഴ, തടവ്, സാമൂഹികമോ മതപരമോ ആയ പ്രത്യാഘാതങ്ങൾ എന്നിവയ്ക്ക് ഇടയാക്കും.
ഏജൻസികൾ വഴി എളുപ്പത്തിൽ വിനോദസഞ്ചാരികളായി എത്തുന്നവർക്ക് പ്രാദേശിക സ്ത്രീകളുമായി പരിചയപ്പെടാം. തുടർന്ന് ഇരുകൂട്ടർക്കും സമ്മതമാണെങ്കിൽ വളരെ വേഗത്തിൽ അനൗപചാരികമായ ഒരു വിവാഹ ചടങ്ങ് നടത്തും.
അതിനുശേഷം പുരുഷന്മാർ സ്ത്രീകൾക്ക് വധുവില എന്ന പേരിൽ പണവും നൽകും. താൽക്കാലിക വിവാഹത്തിനുശേഷം സ്ത്രീകൾ താമസിക്കുന്നത് തങ്ങളെ വിവാഹം കഴിച്ച വിനോദസഞ്ചാരികളോടൊപ്പം ആയിരിക്കും.
ഈ സമയത്ത് ഭർത്താവിന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് പെരുമാറണം. വീട്ടുജോലികൾ ഉൾപ്പടെയുള്ള കാര്യങ്ങൾ ചെയ്ത് നൽകണം. ഒടുവിൽ ഭർത്താവ് രാജ്യം വിടുമ്പോൾ വിവാഹബന്ധവും വേർപ്പെടുത്തുന്നു.
“ആനന്ദവിവാഹങ്ങൾ” (pleasure marriages) എന്ന പേരിലാണ് ഇത്തരം താൽക്കാലിക ക്രമീകരണങ്ങൾ ഇവിടെ അറിയപ്പെടുന്നതെന്ന് ലോസ് ഏഞ്ചൽസ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഇത് ഈ മേഖലയിലെ വിനോദസഞ്ചാരത്തെയും സമ്പദ് വ്യവസ്ഥയെയും ഉത്തേജിപ്പിക്കുകയും വലിയൊരു വ്യവസായം ആയി മാറുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഇതിനെതിരെ രൂക്ഷവിമർശനം ഉയരുകയാണ് ഇപ്പോൾ. സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പടെ വലിയ ചർച്ചയാണ് ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്.
രാജ്യത്തിൻ്റെ പടിഞ്ഞാറൻ മേഖലയിലെ പുങ്കാക്കിൽ ആണ് പ്രധാനമായും ഇപ്പോൾ ഇത്തരം സംഭവങ്ങൾ നടക്കുന്നത്. താൽക്കാലിക വിവാഹങ്ങളിൽ ഏർപ്പെടാൻ സഹായിക്കുന്ന ഏജൻസികൾ ഇപ്പോൾ ഇവിടെ സജീവമാണെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.