മുംബൈ: ഇന്ത്യാക്കാർ ആരെങ്കിലും സർദാർ വല്ലഭായി പട്ടേൽ പാർട്ടിയെന്ന് കേട്ടിട്ടുണ്ടോ? എന്നാൽ ആദായനികുതി വകുപ്പ് കേട്ടിട്ടുണ്ട്. ഇവർ നൽകുന്ന വിവരപ്രകാരം ഈ പാർട്ടിക്ക് 2022 ൽ 56 കോടി രൂപ സംഭാവന കിട്ടിയിട്ടുണ്ട്. സർദാർ വല്ലഭായി പട്ടേൽ പാർട്ടിയ്ക്ക് പ്രത്യക്ഷത്തിലുള്ള പ്രവർത്തനമൊന്നും കാണുന്നില്ലെങ്കിലും അവർ സംഭാവന ഇനത്തിൽ 55.5 കോടി രൂപയോളം പിരിച്ചെടുത്തിട്ടുണ്ടെന്ന് 2022 ൽ നികുതി ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച വരുമാനം ചെലവഴിക്കൽ വിവരത്തിൽ പറയുന്നു. അന്വേഷണത്തിൽ ഇവരിടെ ചില സ്ഥാനാർത്ഥികൾ മത്സരിക്കുന്ന വിവരം നാട്ടുകാർക്ക് പോലും അറിയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുപോലെ തന്നെ പാർട്ടി പ്രവർത്തിക്കുന്നത് ബോറിവലി ഈസ്റ്റിലെ ഒരു ചാളിലെ ഫോട്ടോകോപ്പി കേന്ദ്രത്തിൽ നിന്നാണെന്നും പറയുന്നു. തങ്ങൾക്ക് ഗുജറാത്തിൽ നാല് കോർപ്പറേറ്റർമാരുണ്ടായിരുന്നെന്നും ഇലക്ട്രറൽ ബോണ്ട് വഴി സംഭാവനകൾ സ്വീകരിക്കാൻ നിയമാനുസരണം ഞങ്ങളുടെ വോട്ട് വിഹിതം വർദ്ധിപ്പിക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു പാർട്ടി നേതാക്കളുടെ മറുപടി.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുംബൈയിൽ നിന്നും മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ മൂന്ന് പേർ സർദാർ വല്ലഭായി പട്ടേൽ പാർട്ടിയിൽ നിന്നുള്ളവരാണെന്ന് ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 2022 ൽ കിട്ടിയ 55.5 കോടിയിൽ പത്തു കോടി വിദ്യാഭ്യാസം, 15 കോടി ഭക്ഷണം, 16 കോടി ശൈത്യകാല വസ്ത്രങ്ങൾ, 11 കോടി ദാരിദ്ര്യനിർമ്മാർജ്ജനം എന്നിവയ്ക്കായി ചെലവിട്ടതായിട്ടാണ് പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞത്. എന്നാൽ യാഥാർഥ്യം മറ്റൊന്നാണ്. ഇൻകം ടാക്‌സ് വൃത്തങ്ങൾ നൽകുന്ന വിവര പ്രകാരം ഇത്തരം പാർട്ടികൾ മിക്കതും ഹവാല ഓപ്പറേറ്റർമാരുമായി ഒത്തുചേർന്ന് നികുതി വെട്ടിപ്പിനായി തട്ടിക്കൂട്ടിയതാണെന്നാണ്. ഹവാല ഇടപാടുകാരിൽ നിന്ന് സംഭാവനയായി തുക സ്വീകരിക്കുകയും തുടർന്ന് അവരുടെ കമ്മീഷൻ കിഴിച്ചതിന് ശേഷം പണമായി ബന്ധപ്പെട്ട ഇടപാടുകാരന് പണം തിരികെ നൽകുകയും ചെയ്യുന്നു എന്നാണ്. പാർട്ടി നേതാക്കൾക്ക് മൊത്തം തുകയുടെ 0.01% കമ്മീഷനായി ലഭിക്കുന്നു. ഹവാല ഓപ്പറേറ്റർ ഈ കക്ഷികളുടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുകയും അവരുടെ ഫീസ് ക്ലയന്റിൽ നിന്ന് പ്രത്യേകം ശേഖരിക്കുകയും ചെയ്യുന്നു. ഉപഭോക്താക്കൾക്ക് ജനപ്രാതിനിധ്യ നിയമപ്രകാരം സംഭാവനയായി ലഭിക്കുന്ന തുകയ്ക്ക് 100% വരെ നികുതിയിളവ് ലഭിക്കുമെന്നതാണ് ഇത്തരം കാര്യങ്ങൾക്ക് ഇവർക്ക് സൗകര്യമായി മാറുന്നതെന്നാണ് കരുതുന്നത്.
Read Also: കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടയുടെ വീട്ടിൽ പോലീസ് റെയ്ഡ്; കിട്ടിയത് രണ്ട് തോക്കുകളും 20 വെടിയുണ്ടകളും