സിപിഎമ്മിന് ആര്‍എസ്എസുമായി ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പുമില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. Politburo member MA Baby says CPM has no collusion with RSS
എഡിജിപി അജിത് കുമാറും ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത് തന്നെയാണ് തനിക്കും പറയാനുള്ളത്.
തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തുവരട്ടെ. തൃശൂരില്‍ ഡീല്‍ ഉണ്ടെന്ന മട്ടില്‍ സംസാരിച്ചത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. തൃശൂരില്‍ ഇടതുപക്ഷത്തിന് വോട്ട് വര്‍ധിക്കുകയായിരുന്നു.
എന്നാല്‍, യുഡിഎഫിന് വലിയതോതില്‍ വോട്ട് കുറഞ്ഞു. അത് കണ്ടുപിടിക്കാന്‍ വലിയ ഗണിതശാസ്ത്ര അറിവിന്റെയൊന്നും ആവശ്യമില്ല. പണ്ട് തലശ്ശേരിയില്‍ തെരഞ്ഞെടുപ്പ് കാലത്ത് ആര്‍എസ്എസ് വോട്ട് ഇടതുപക്ഷത്തിന് വേണ്ടെന്ന് ഇഎംഎസ് തന്നെ പറഞ്ഞതാണെന്നും എംഎ ബേബി പറഞ്ഞു.
അതേസമയം, എഡിജിപി എം ആര്‍ അജിത്കുമാറും പ്രതിപക്ഷ നേതാവ് വി ഡി സതീശനും തമ്മിലുണ്ടായ ഗൂഢാലോചനയിലാണ് തൃശൂര്‍ പൂരം കലക്കിയതെന്ന് പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞു. പ്രത്യേക അന്വേഷക സംഘത്തിന് മൊഴിനല്‍കിയശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിന്റെ സമ്മാനമായാണ് ബിജെപിക്ക് തൃശൂര്‍ ലോക്സഭാ സീറ്റ് ലഭിച്ചത്. അന്വേഷക സംഘത്തിന് വിശദമായ മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെ പുറത്തുവിട്ട മൂന്ന് ഓഡിയോ ക്ലിപ്പ് ഉള്‍പ്പെടെ നാല് ഓഡിയോ ക്ലിപ്പുകളും കൈമാറിയെന്നും പി വി അന്‍വര്‍ പറഞ്ഞു