കുട്ടികളെ കടത്തുന്ന സംഘം നഗരത്തിൽ വ്യാപകമാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾ വിശ്വസിക്കരുതെന്ന് ചെന്നൈ പൊലീസ് നിർദേശം നൽകി. വ്യാജസന്ദേശങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവർ വീടിനു സമീപം എത്തുമെന്നും മാതാപിതാക്കളുടെ കണ്ണ് തെറ്റിയാൽ ഇവർ കുട്ടികളെ തട്ടിക്കൊണ്ടുപോകുമെന്നുമാണ് പ്രചാരണം. വ്യാജസന്ദേശങ്ങൾ വ്യാപകമായതോടെ നഗരവാസികളും ഭീതിയിലായിട്ടുണ്ട്.
കുട്ടിയെ തട്ടിക്കൊണ്ടുപോകാനെത്തിയതെന്ന് ആരോപിച്ച് ട്രാൻസ്ജെൻഡറെ കഴിഞ്ഞ ദിവസം മർദിച്ച് അവശയാക്കിയിരുന്നു. ഇത്തരം വ്യാജ സന്ദേശം, വിഡിയോ എന്നിവ ശ്രദ്ധയിൽപെട്ടാൽ 100, 112 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് പൊലീസ് അറിയിച്ചു. സഹായത്തിനായി ഏതു സമയത്തും പൊലീസിനെ ബന്ധപ്പെടാമെന്നും ഉടനടി നടപടി സ്വീകരിക്കുമെന്നും ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു. സമാനമായ മുന്നറിയിപ്പ് പൊലീസ് കഴിഞ്ഞയാഴ്ച നൽകിയിരുന്നെങ്കിലും വ്യാജപ്രചാരണങ്ങൾ തുടരുകയാണ്.
Read Also: മലയാളത്തിന്റെ ‘ദൃശ്യം’ ഹോളിവുഡിലേക്ക്; കൊറിയനിലും സ്പാനിഷിലും ഒരുങ്ങുന്നു