വ്യാജ നയതന്ത്ര ഉദ്യോഗസ്ഥയെ വലയിലാക്കി പോലീസ്
രാജ്യ തലസ്ഥാനമായ ന്യൂഡൽഹിയിൽ വ്യാജ ഡിപ്ലോമാറ്റിക് നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ച കാർ ഓടിച്ച് സുരക്ഷാ മേഖലകളിലൂടെ നിരന്തരം സഞ്ചരിച്ചിരുന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ അതീവ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പൊലീസ് നടത്തിയ പരിശോധനയിൽ ‘വ്യാജ നയതന്ത്ര ഉദ്യോഗസ്ഥ’ പിടിയിലായത്.
ഗുവാഹത്തി സ്വദേശിനിയായ 45 വയസ്സുകാരിയാണ് അറസ്റ്റിലായതെന്ന് പൊലീസ് വ്യക്തമാക്കി. ഡിപ്ലോമാറ്റിക് നമ്പർ പ്ലേറ്റ് ഘടിപ്പിച്ച കാറാണ് യുവതി ഉപയോഗിച്ചിരുന്നത്.
ഈ വാഹനം ഡൽഹിയിലെ വിവിധ എംബസികൾ, നയതന്ത്ര കേന്ദ്രങ്ങൾ, കനത്ത സുരക്ഷയുള്ള മേഖലകൾ എന്നിവിടങ്ങളിൽ പതിവായി എത്തുന്നതായി രഹസ്യവിവരം ലഭിച്ചതോടെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ശക്തമാക്കിയത്.
വസന്ത് വിഹാർ പ്രദേശത്തിന് സമീപം നടത്തിയ പരിശോധനയിലാണ് കാർ പൊലീസ് തടഞ്ഞത്. പരിശോധനയ്ക്കിടെ, ഒരു വിദേശ എംബസിയുടെ പ്രതിനിധിയാണെന്ന് യുവതി ആദ്യം അവകാശപ്പെട്ടു.
എന്നാൽ എംബസിയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങൾ പോലും നൽകാൻ കഴിയാത്തതോടെ പൊലീസിന് സംശയം വർധിച്ചു.
തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ ഇവർ കൈവശം യാതൊരു ഔദ്യോഗിക രേഖകളും ഇല്ലെന്ന് കണ്ടെത്തി. വാഹനത്തിന്റെയും ഉടമസ്ഥാവകാശത്തിന്റെയും രേഖകളും ഹാജരാക്കാൻ യുവതിക്കായില്ല.
ഡപ്യൂട്ടി പൊലീസ് കമ്മിഷണർ (ക്രൈം ബ്രാഞ്ച്) സഞ്ജീവ് കുമാർ യാദവിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്.
അന്വേഷണത്തിൽ, 2024 നവംബറിൽ ഒരു വിദേശ എംബസിയിൽ നിന്നാണ് കാർ വാങ്ങിയതെന്നാണ് യുവതി പൊലീസിനോട് വെളിപ്പെടുത്തിയത്.
എന്നാൽ വാഹനം ഇതുവരെ സ്വന്തം പേരിലേക്ക് മാറ്റിയിട്ടില്ലെന്നും, സുരക്ഷാ പരിശോധനകളിൽ നിന്ന് രക്ഷപ്പെടാനാണ് വ്യാജ ഡിപ്ലോമാറ്റിക് നമ്പർ പ്ലേറ്റ് ഘടിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അതീവ സുരക്ഷാ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സമയത്ത് ഇത്തരമൊരു കൃത്യം ഗുരുതരമാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി.
വ്യാജ ഡിപ്ലോമാറ്റിക് ആനുകൂല്യങ്ങൾ ഉപയോഗിച്ച് സുരക്ഷാ മേഖലയിലൂടെ സഞ്ചരിച്ചതിലൂടെ രാജ്യസുരക്ഷയ്ക്കു ഭീഷണി ഉയർത്തിയതായും അന്വേഷണ സംഘം വിലയിരുത്തുന്നു.
യുവതിക്കെതിരെ വ്യാജരേഖ നിർമ്മാണം, തെറ്റിദ്ധരിപ്പിക്കൽ, നിയമവിരുദ്ധമായി സുരക്ഷാ മേഖലകളിൽ പ്രവേശിക്കൽ എന്നിവ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി അന്വേഷണം തുടരുകയാണെന്നും, ഇതിന് പിന്നിൽ മറ്റ് ബന്ധങ്ങളുണ്ടോയെന്നതും പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.









