ചെന്നൈ: സ്ത്രീയുടെ മാല പൊട്ടിച്ചോടിയ പൊലീസ് കോൺസ്റ്റബിളിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി.
സുരക്ഷാ ചുമതലയുളള പൊലീസുകാരൻ തന്നെ കള്ളനായി മാറിയ അസാധാരണ സംഭവം നടന്നത് അറുമ്പാക്കം മെട്രോ സ്റ്റേഷനിലാണ്. വൈദ്യുത ബോർഡ് ജീവനക്കാരിയായ വിജയലക്ഷ്മിയുടെ 6 പവൻറെ മാലയാണ് ആവടി സ്പെഷ്യൽ ബറ്റാലിയലിനെ കോൺസ്റ്റബിൾ രാജാദുര പൊട്ടിച്ചെടുത്തത്.
ബന്ധുവിൻറെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി ഭർത്താവിനൊപ്പമുള്ള യാത്രയിലായിരുന്നു വിജയലക്ഷ്മി. സ്റ്റേഷനിൽ ഇറങ്ങി പുറത്തേക്ക് പോകാൻ തുടങ്ങിയപ്പോഴായിരുന്നു രാജാദുരയുടെ അതിക്രമം. മൂന്ന് മാസം മുൻപാണ് രാജാദുര അറുമ്പാക്കം മെട്രോ സ്റ്റേഷനിലെത്തിയത്. ഇതിന് മുൻപ് സമാന കുറ്റകൃത്യങ്ങളിൽ ഇയാൾ ഏർപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ചൂളമേട് പൊലീസ് അറിയിച്ചു.
മാല നഷ്ടമായതിന് പിന്നാലെ വിജയലക്ഷ്മി ബഹളം വച്ചതോടെ മറ്റ് യാത്രക്കാർ രാജാദുരയുടെ പിന്നാലെ ഓടി വളഞ്ഞിട്ട് പിടികൂടി. പൊലീസിന് കൈമാറും മുൻപ് ഇയാളെ മർദ്ദിക്കുകയും ചെയ്തു.