കോഴിക്കോട്: ഇൻസ്റ്റാഗ്രാമിൽ റീലിനെ ചൊല്ലി പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് നേരെ സീനിയർ വിദ്യാർത്ഥികളുടെ ആക്രമണം. കോഴിക്കോട് കുറ്റ്യാടി സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം. പ്ലസ് വൺ വിദ്യാർഥി ഇഷാമിന്റെ പല്ല് സീനിയർ വിദ്യാർഥികൾ അടിച്ചുകൊഴിച്ചു.(Plus Two students attacked Plus One student in kozhikode)
ചൊവാഴ്ച സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്ന വഴിയാണ് സംഭവം. ഉപജില്ലാ സ്‌കൂൾ കലോത്സവത്തിലെ കോൽക്കളിയിൽ മത്സരിച്ച പ്ലസ് വൺ വിദ്യാർഥികളുടെ വീഡിയോ ഇൻസ്റ്റഗ്രാമിൽ റീലായി പോസ്റ്റ് ചെയ്തിരുന്നു. ഈ റീലിന് കാഴ്ചക്കാർ കൂടിയതോടെ ഇത് പിൻവലിക്കാർ സീനിയർ വിദ്യാർഥികൾ ആവശ്യപ്പെട്ടെങ്കിലും പ്ലസ് വൺ വിദ്യാർഥികൾ തയാറായില്ല.
ഇതിൽ പ്രകോപിതരായാണ് വിദ്യാർഥികൾ ആക്രമണം നടത്തിയത്. ഇരുപതോളം സീനിയർ വിദ്യാർഥികൾ ചേർന്ന് മർദിച്ചുവെന്ന് പ്ലസ് വൺ വിദ്യാർത്ഥി പറഞ്ഞു. പരിക്കേറ്റ വിദ്യാർത്ഥി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ 12 സീനിയർ വിദ്യാർഥികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.
സമാന വിഷയത്തെ ചൊല്ലി രണ്ടു ദിവസം മുൻപും വിദ്യാർഥികൾ സ്‌കൂൾ ഗ്രൗണ്ടിൽ വെച്ച് ഏറ്റുമുട്ടിയിരുന്നു. അധ്യാപകർ ഇടപെട്ടാണ് അന്ന് സംഘർഷം ഒഴിവാക്കിയത്. ആക്രമണവുമായി ബന്ധപ്പെട്ട് 14 വിദ്യാർഥികളെ അന്വേഷണ വിധേയമായി സ്‌കൂളിൽനിന്നും മാറ്റി നിർത്താൻ തീരുമാനമായിട്ടുണ്ട്.