കോഴിക്കോട്: എല്ലാ ബാച്ചുകളിലും 30 % സീറ്റുകൾ വർധിപ്പിച്ചാലും മലബാറിൽ ഇത്തവണയും പ്ലസ് വൺ പ്രതിസന്ധി ഒഴിയില്ല. ഇത്തവണയും പ്രതിസന്ധിയുണ്ടാകുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മുഴുവൻ സ്കൂളിലെ ക്ലാസുകളിലും 65 കുട്ടികളെ വീതം കുത്തിനിറച്ചാലും 14000 കുട്ടികൾ പടിക്ക് പുറത്തിരിക്കേണ്ടി വരുമെന്നാണ് മലബാർ എഡുക്കേഷൻ മുവ്മെന്റ് തയ്യാറാക്കിയ കണക്ക്. കൃത്യമായി പറഞ്ഞാൽ ഏതാണ്ട് 229 ബാച്ചുകളുടെ കുറവുണ്ട്. മലപ്പുറത്തും പാലക്കാടും കോഴിക്കോടുമായിരിക്കും ഇതു കൂടുതൽ ബാധിക്കുക. എന്നാൽ തെക്കൻ ജില്ലകളിൽ അവശ്യത്തിലധികം ബാച്ചുകൾ ഉണ്ടാകുമെന്നാണ് കണക്കുകൾ നൽകുന്ന സൂചന. വടക്കൻ കേരളത്തിൽ പതിവുപോലെ പ്ലസ് വൺ പ്രവേശനത്തിന് ഏറ്റവും കൂടുതൽ പ്രതിസന്ധി മലപ്പുറത്താണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് മുൻകൂട്ടികണ്ട് മലപ്പുറത്ത് സർക്കാർ സ്കൂളുകളിൽ 30 ശതമാനം സീറ്റു കുട്ടുമെന്ന താൽക്കാലിക പരിഹാരം ഇക്കുറി വിദ്യാഭ്യാസ മന്ത്രി ഒരു മുഴം മുമ്പേ പ്രഖ്യാപിച്ചിരുന്നു.
മലപ്പുറത്തും പാലക്കാടും കോഴിക്കോടുമായിരിക്കും കൂടുതൽ കുട്ടികൾക്ക് പുറത്തിരിക്കേണ്ടി വരികയെന്നാണ് മലബാർ എഡുക്കേഷൻ മുവ്മെന്റ് റിപ്പോർട്ട്. അതേ സമയം തെക്കൻ ജില്ലകളിൽ അവശ്യത്തിലധികം ബാച്ചുകൾ ഉണ്ടാകുമെന്നാണ് കണക്കുകൾ നൽകുന്ന വിവരം. മലബാറിലെ ആറു ജില്ലകളിൽ നിന്നായി ഇക്കുറി ഉപരിപഠനത്തിന് അർഹത നേടിയത് 2,31000 കുട്ടികളാണ്. ഐടിഐ വിഎച്ച്എസ് സി പോളിടെക്നിക് തുടങ്ങിയവയിൽ 25150 സീറ്റുകളാണുള്ളത്.
ഓരോ ക്ലാസിലും അമ്പത് കുട്ടികളെ പ്രവേശിപ്പിക്കുകയാണെങ്കിൽ കോഴിക്കോട് 7304 കുട്ടികൾക്ക് സർക്കാർ സംവിധാനങ്ങളിൽ സീറ്റുണ്ടാകില്ല. 146 ബാച്ചുകൾ കുറവുണ്ടാകും. പാലക്കാട് 9866 കുട്ടികൾക്ക് സീറ്റുണ്ടാകില്ല. 197 ബാച്ചുകളുടെ കുറവ് വരും. ഇഷ്ടമുള്ള സ്കൂളുകളും കോമ്പിനേഷനും ലഭിക്കാനും മലബാറിലെ കുട്ടികൾ ഇത്തവണയും പാടുപെടുമെന്ന് ഉറപ്പാണ്. അതേ സമയം, ഒരോ ബാച്ചിലും അമ്പത് കുട്ടികളെ പ്രവേശിപ്പിച്ചാൽപ്പോലും തെക്കൻ ജില്ലകളിൽ 369 ബാച്ചുകൾ അധികമായിട്ടുണ്ടാകുമെന്നും കണക്കുകൾ പറയുന്നു. പത്തനംതിട്ട കോട്ടയം ജില്ലകളിലാണ് ഒഴിവ് വരുന്ന കൂടുതൽ ബാച്ചുകളുണ്ടാകുക.
Read More:ജെസ്‌ന എവിടെ?; ദുരൂഹത നീക്കാൻ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി