തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ഇന്ന് വരും. ഇന്നു വൈകീട്ട് അഞ്ചുമണിക്കാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക.
ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ ( ചൊവ്വാഴ്ച) രാവിലെ പത്ത് മണി മുതല്‍ ജൂണ്‍ അഞ്ചിന് ( വ്യാഴാഴ്ച) വൈകീട്ട് അഞ്ച് മണി വരെ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളുകളിൽ പ്രവേശനം തേടാം. മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്‌കൂളുകളിലെ പ്രവേശനത്തിനുള്ള അലോട്ട്‌മെന്റും, സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനുള്ള അലോട്ട്‌മെന്റും ഇന്ന് പ്രസിദ്ധീകരിക്കും.
https: // hscap. kerala.gov. in എന്ന വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് ലോഗിനിലൂടെ അലോട്ട്മെന്റ് വിവരങ്ങൾ അറിയാനാകും. പ്രവേശന വെബ്‌സൈറ്റിൽ കാൻഡിഡേറ്റ് ലോഗിനിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററും അസൽ സർട്ടിഫിക്കറ്റും പ്രവേശനം നേടാൻ വിദ്യാർഥികൾ കയ്യിൽ കരുതണം.
ഒന്നാം ഓപ്ഷൻ പ്രകാരം അലോട്ട്‌മെന്റ് ലഭിക്കുന്നവർ ഫീസടച്ച് നിശ്ചിത സമയത്തിനുള്ളിൽ സ്ഥിരപ്രവേശനം നേടണം. ഫീസടച്ചില്ലെങ്കിൽ ഈ സീറ്റുകൾ ഒഴിഞ്ഞതായി കണക്കാക്കും. ഇവർക്ക് പിന്നീട് അവസരം ഉണ്ടായിരിക്കുന്നതല്ല.
ബന്ധപ്പെട്ട ബോര്‍ഡില്‍ നിന്നു യോഗ്യതാ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലെങ്കില്‍ ഡിജിലോക്കര്‍ അല്ലെങ്കില്‍ ഔദ്യോഗിക വെബ് സൈറ്റില്‍നിന്നുള്ള സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സ്വീകരിക്കും.
പിന്നീട് അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൂടാതെ പ്രവേശന സമയത്ത് വിടുതല്‍, സ്വഭാവസര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാണ്.