തിരുവനന്തപുരം: പൈനാപ്പിൾ മാലിന്യത്തിൽ നിന്ന് ലെതർ നിർമിക്കാനായി പാപ്പനംകോട്ടെ കേന്ദ്രസർക്കാർ സ്ഥാപനമായ നിസ്റ്റ് വികസിപ്പിച്ച സാങ്കേതിക വിദ്യ മലയാറ്റൂരിലെ സ്വകാര്യ സ്ഥാപനമായ ആൾട്ടർ വേവ് ഇക്കോഇന്നൊവേഷൻസിന് കൈമാറി.അഞ്ച് സ്വകാര്യ കമ്പനികൾ നിസ്റ്റിൽ നിന്ന് സർക്കാർ അനുമതിയോടെ ഇതിനോടകം സാങ്കേതികവിദ്യ കരസ്ഥമാക്കി. കേരളത്തിൽ പ്രതിവർഷം 7.20ലക്ഷം മെട്രിക് ടൺ കൈതച്ചക്ക മാലിന്യമാണ് ഉണ്ടാകുന്നത്.
പൈനാപ്പിളിന് മികച്ച വില കിട്ടാത്തത് കർഷകരെ ഏറെ വലച്ചിരുന്നു. പലരും കൃഷിതന്നെ മതിയാക്കുന്ന അവസ്ഥവരെയുണ്ടായി. എന്നാൽ പതിവിന് വിപരീതമായി ഇത്തവണ മേയ്‌മാസത്തിൽ മികച്ച വിലയാണ് ലഭിച്ചത്. 60 മുതൽ 65 വരെയാണ് ഒരുകിലോ പൈനാപ്പിളിന് ലഭിച്ചത്. കടുത്ത വേനലിൽ ഉല്പാദനം കുറഞ്ഞതും വടക്കേ ഇന്ത്യയിൽ ആവശ്യക്കാർ കൂടിയതുമായിരുന്നു വില കൂടാൻ കാരണം.
പാപ്പനംകോട് നിസ്റ്റ് കാമ്പസിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഡോ. സി.അനന്ദരാമകൃഷ്ണനിൽ നിന്ന് ആൾട്ടർവേവ്സ് ഡയറക്ടർമാരായ ജെസ്വിൻജോർജ്, നിധിൻസോട്ടർ, നിഗിൻസോട്ടർ, ടിടിൽതോമസ് തുടങ്ങിയവർ ഏറ്റുവാങ്ങി. നിസ്റ്റിലെ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ആജ്ഞനേയലു കൊത്തകോട്ടയുടെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞരാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചത്.
ദിവസവും ആയിരം ടണ്ണോളം പൈനാപ്പിളാണ് വടക്കേ ഇന്ത്യയിലേക്ക് കയറ്റി അയച്ചത്. വാഴക്കുളത്തുനിന്നായിരുന്നു ഇതിൽ ഏറെയും.കേരളത്തിൽ അനുഭവപ്പെട്ട പൊള്ളും ചൂട് ഉല്പാദനത്തെ മാത്രമല്ല പുതുതായി കൃഷിയിറക്കുന്നതിനെയും ബാധിച്ചിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്. വിത്തുക്ഷാമമാണ് മുഖ്യം. വിത്ത് കിട്ടാനില്ല എന്നുമാത്രമല്ല വിത്തിന്റെ വിലയും കുതിച്ചുയർന്നിരിക്കുകയാണ്. അഞ്ചുമുതൽ ഒൻപതുരൂപവരെയുണ്ടായിരുന്ന വിത്തിന് ഇപ്പോൾ പതിനഞ്ചുരൂപയോളമാണ് വില. വേനൽമഴ കനിഞ്ഞത് കർഷകർക്ക് പുതു പ്രതീക്ഷ നൽകുന്നുണ്ട്.