ദില്ലി : ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പെട്രോൾ – ഡീസൽ വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ നീക്കമാരംഭിച്ചു. 4 രൂപ മുതൽ 6 രൂപ വരെ ലിറ്ററിന് കുറച്ചേയ്ക്കും. പൊതുമേഖല എണ്ണ കമ്പനികളുമായി പെട്രോളിയം മന്ത്രാലയം ചർച്ചയാരംഭിച്ചു. വിലകയറ്റവും പണപ്പെരുപ്പവും പിടിച്ച് നിറുത്താൻ വില കുറയ്ക്കുന്നത് സഹായകരമാകുമെന്ന് നരേന്ദ്രമോദി സർക്കാർ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ വില കയറ്റം 5.55 ശതമാനം വർദ്ധിച്ചുവെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. തൊഴിൽ ഇല്ലായ്മയും രൂക്ഷമായതോടെ വില കയറ്റം ജനത്തെ പൊറുതി മുട്ടിക്കുകയാണ്. സാധാരണയായി നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് പെട്രോൾ – ഡീസൽ വില കയറാതെ പിടിച്ച് നിറുത്തുന്ന രീതി മോദി സർക്കാർ പരീക്ഷിക്കാറുണ്ട്. ഇത് വിജയകരമാണെന്നാണ് വിലയിരുത്തൽ . അതിന്റെ പശ്ചാത്തലത്തിലാണ് ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് പെട്രോൾ – സീഡൽ വില വെട്ടികുറയ്ക്കുന്നത്. ഇത് വഴി സാധാരണക്കാരുടെ വോട്ട് ബിജെപി പ്രതീക്ഷിക്കുന്നു.
പെട്രോളിയം മന്ത്രാലയവും ധനമന്ത്രാലയവും വില കുറയ്ക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തി തയ്യാറാക്കിയ റിപ്പോർട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ടെന്ന് ബിസിനസ് ട്യൂഡേ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. റഷ്യയിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിലൂടെ എണ്ണ കമ്പനികൾ വൻ ലാഭമുണ്ടായിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി അന്താരാഷ്ട്ര വിപണയിൽ അസംസ്കൃത എണ്ണ വില ബാരലിന് 70 ഡോളർ എന്ന നിലയിൽ സ്ഥിരതയോടെ നിലനിൽക്കുന്നു. പക്ഷെ ഇതിന്റെ ഗുണം ഇത് വരെ പൊതുജനങ്ങൾക്ക് ലഭിച്ചിട്ടില്ല. വില നിശ്ചയിക്കാനുള്ള അവകാശം പൊതുമേഖല എണ്ണ കമ്പനികൾക്ക് നൽകിയ നിയമം പാസാക്കുമ്പോൾ സർക്കാർ അറിയിച്ചിരുന്നത് പ്രകാരം അന്താരാഷ്ട്ര എണ്ണ വിലയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലും വില കുറയ്ക്കുമെന്നാണ് . പക്ഷെ വില കൂട്ടുന്നത് അല്ലാതെ കുറയ്ക്കാൻ ഇത് വരെ ആരും താൽപര്യം കാണിച്ചിട്ടില്ല. നിലവിൽ രാജ്യത്ത് നൂറ് രൂപയ്ക്ക് മുകളിലാണ് പെട്രോൾ – സീഡൽ വില.
വില കുറയ്ക്കുമെന്ന വാർത്ത പുറത്ത് വന്നത് സാമൂഹിക മാധ്യമങ്ങളിലും ട്രെൻഡിങ്ങായി മാറി. എക്സിൽ ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് പെട്രോൾ – ഡീസൽ വില. ലോക്സഭ തിരഞ്ഞെടുപ്പ് ഭാഗ്യം കൊണ്ട് വരുമോയെന്ന് ചിലർ ചോദിക്കുന്നു. എല്ലാ വർഷവും ലോക്സഭ തിരഞ്ഞെടുപ്പ് വേണമെന്നാണ് മറ്റ് ചിലരുടെ ആവിശ്യം. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വില ഇരട്ടിയാക്കുമോന്ന് ആശങ്ക പെടുന്നവരും കുറവല്ല.
Read More : ‘ഭാരത് അരി പദ്ധതിയുമായി കേന്ദ്രം’; കിലോയ്ക്ക് വെറും 25 രൂപ; ഉടൻ വിപണിയിലെത്തും