കൊച്ചി: പെരുമ്പാവൂരിൽ യുവതി ഭർത്താവിന്റെ ജനനേന്ദ്രിയത്തിൽ എണ്ണ തിളപ്പിച്ചൊഴിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പരസ്ത്രീ ബന്ധം ആരോപിച്ചാണ് യുവാവിനുനേരെ ഭാര്യ ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ജനനേന്ദ്രിയത്തിലുൾപ്പെടെ ഗുരുതരമായി പൊള്ളലേററ യുവാവ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പെരുമ്പാവൂർ സ്വദേശിയായ മുപ്പത്തിരണ്ടുകാരനാണ് സ്വന്തം ഭാര്യയുടെ ക്രൂരമായ ആക്രമണത്തിന് ഇരയായത്.
ഈ മാസം 19ന് രാവിലെയാണ് യുവാവിനെ ഭാര്യ ക്രൂരമായി ആക്രമിച്ചത്. ദിവസങ്ങൾക്ക് ശേഷം ഇയാളുടെ പിതാവ് പെരുമ്പാവൂർ സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് സംഭവം പുറംലോകം അറിഞ്ഞത്.
പഴയ കാമുകിയുമായി യുവാവ് ഇപ്പോഴും ബന്ധം പുലർത്തുന്നുണ്ടെന്ന യുവതിയുടെ സംശയമാണ് വഴക്കിലേക്കും പിന്നീട് ക്രൂരമായ ആക്രമണത്തിലേക്കും നയിച്ചതെന്നാണ് വിവരം.
മറ്റൊരു യുവതിയ്‌ക്കൊപ്പം ഭർത്താവ് നിൽക്കുന്ന ഫോട്ടോ മൊബൈൽ ഫോണിൽ ഭാര്യ കാണാനിടയായതാണ് കുടുംബവഴക്കിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇതേച്ചൊല്ലി ഈ മാസം 19ന് രാവിലെ ഏഴരയോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു.
ഇതിനിടെ നേരത്തേ കരുതി വച്ച ചൂടാക്കിയ എണ്ണ ഭർത്താവിന്റെ പുറത്ത് ഒഴിക്കുകയായിരുന്നു. നെഞ്ചിലും കൈകൾക്കും തുടയിലും സാരമായി പൊള്ളലേറ്റ ഭർത്താവിനെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയ ശേഷമാണ് എറണാകുളത്ത് എത്തിച്ചത്.
അപകടത്തിൽ പരിക്കേറ്റെന്നാണ് ഭർത്താവ് ആദ്യം ആശുപത്രി അധികൃതരോട് പറഞ്ഞത്. പിന്നീട്പരാതി കിട്ടിയതിനെ തുടർന്ന് യുവാവിന്റെ വീട്ടിൽ സ്ഥലപരിശോധന നടത്തിയ പൊലീസ് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്ക് അറസ്റ്റ് ഉൾപ്പെടെ തുടർനടപടികളുണ്ടാകുമെന്ന് പെരുമ്പാവൂർ ഡി.വൈ.എസ്.പിയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ ശക്തിസിംഗ് പറഞ്ഞു.