കൊച്ചി: ശബരിമല ദര്‍ശനത്തിന് അനുമതി തേടിയുള്ള പത്തുവയസുകാരിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി.Permission is required to visit Sabarimala; 10-year-old girl’s plea rejected by High Court
ശബരിമല സ്ത്രീപ്രവേശനം സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണഗണനയിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പെണ്‍കുട്ടിയുടെ ഹര്‍ജി തള്ളിയത്. കര്‍ണാടക സ്വദേശിനിയായ പെണ്‍കുട്ടിയാണ് മലകയറാന്‍ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്.
ഇതുവരെ ആര്‍ത്തവം ആരംഭിച്ചിട്ടില്ലെന്നും അതിനാല്‍ ശബരിമലയിലെത്തി ദര്‍ശനം നടത്താന അനുവദിക്കണമെന്നും ആവശ്യപ്പെട്ടുള്ള പത്തുവയസുകാരിയുടെ ഹര്‍ജിയാണ് കോടതി തള്ളിയത്.
10 മുതല്‍ 50 വയസ്സ് വരെ സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന തിരുവിതാംകൂര്‍ ദേവസ്വം നിലപാടില്‍ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
പത്ത് വയസ്സിന് മുന്‍പ് കൊവിഡ് കാലത്ത് ശബമലയിലെത്താന്‍ ആഗ്രഹിച്ചതാണെന്നും അച്ഛന്റെ ആരോഗ്യ പ്രശ്‌നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും കാരണം നടന്നില്ലെന്നും പെണ്‍കുട്ടി ഹര്‍ജിയില്‍ പറഞ്ഞു.
ഇത്തവണ തന്നെ മലകയറാന്‍ അനുവദിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വത്തോട് കോടതി നിര്‍ദ്ദേശം നല്‍കണമെന്നാണ് പെണ്‍കുട്ടിയുടെ ആവശ്യപ്പെട്ടത്. തിരുവിതാംകൂര്‍ ദേവസ്വം ഇക്കാര്യത്തില്‍ തീരുമാനം എടുത്തിരുന്നില്ല. ഇതോടെയാണ് പെണ്‍കുട്ടി കോടതിയെ സമീപിച്ചത്.
ആചാരങ്ങള്‍ പാലിച്ച് മലകയറാന്‍ കഴിയുമെന്നും പത്ത് വയസ്സെന്ന പ്രായപരിധി സാങ്കേതികമെന്നും പെണ്‍കുട്ടി കോടതിയില്‍ ചൂണ്ടിക്കാട്ടി.
വിഷയം സുപ്രീം കോടതിയുടെ വിശാല ബെഞ്ചിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയത്.