പെരിയ ഇരട്ടക്കൊലക്കേസ്; നാലാം പ്രതിക്ക് പരോൾ അനുവദിച്ച് സർക്കാർ
കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസിലെ നാലാം പ്രതി അനിൽകുമാറിന് സർക്കാർ പരോൾ അനുവദിച്ചു. ഒരു മാസത്തേക്കാണ് പ്രതിക്ക് പരോൾ അനുവദിച്ചത്. ബേക്കൽ സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത് എന്നും നിർദേശമുണ്ട്.
ഏറെ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയ കേസായിരുന്നു പെരിയ ഇരട്ടക്കൊലക്കേസ്. 2019 ഫെബ്രുവരി 17നായിരുന്നു കൊലപാതകം നടന്നത്. കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത് ലാലിനേയും സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ജനുവരിയിൽ കേസിലെ കുറ്റവാളികളായ ഒൻപതു പേരെ ഈ വർഷം കണ്ണൂരിലേയ്ക്ക് മാറ്റിയിരുന്നു. വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നാണ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.
പ്രതികളായ രജ്ഞിത്ത്, സുധീഷ് ശ്രീരാഗ്, അനിൽ കുമാർ, സജി, അശ്വിൻ, പീതാംബരൻ, സുബീഷ്, സുരേഷ് എന്നിവരെയാണ് ജയിൽ മാറ്റിയത്. കോടതിയുടെ നിർദേശപ്രകാരമാണ് ഇവരെ മാറ്റിയതെന്നായിരുന്നു ജയിൽ അധികൃതരുടെ വിശദീകരണം.
ഒൻപതു പേർക്കും ഇരട്ട ജീവപര്യന്തം സിബിഐ കോടതി ശിക്ഷ വിധിച്ചിരുന്നു. ശിക്ഷിക്കപ്പെട്ട തങ്ങളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് പ്രതികൾ തന്നെ ആവശ്യപ്പെട്ടിരുന്നു.
Summary: In the Periya twin murder case, the fourth accused Anilkumar has been granted one-month parole by the government. As a condition, he has been instructed not to enter the Bekal police station limits during the parole period.