അമീബിക് മസ്തിഷ്‌ക ജ്വരം പെട്ടെന്ന് പിടിപ്പെട്ടേക്കാം
കൊച്ചി: സിഎസ്എഫ് (സെറിബ്രോ സ്പൈനല്‍ ഫ്‌ലൂയിഡ്) റൈനോറിയ എന്ന മൂക്കില്‍ നിന്ന് വെള്ളമൊലിക്കുന്ന അസുഖമുള്ളവരില്‍ അമീബിക് മസ്തിഷ്‌ക ജ്വരം എളുപ്പത്തിൽ പിടിപെടാൻ സാധ്യതയെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരത്തിന് ചികിത്സ തേടിയവരില്‍ മൂന്നുപേര്‍ക്ക് സിഎസ്എഫ് റൈനോറിയ ഉള്ളവരാണ്.
രോഗം ബാധിച്ച് മരിച്ച സ്ത്രീക്കും ഇതേ രോഗാവസ്ഥയുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ജലദോഷമുണ്ടാകുമ്പോള്‍ വരുന്ന സ്രവത്തില്‍നിന്ന് വ്യത്യസ്തമായി വെള്ളത്തിന് സമാനമായ രീതിയിലാണ് സിഎസ്എഫ് റൈനോറിയ ബാധിച്ചവരുടെ മൂക്കിലൂടെ ഒഴുകുക. എന്നാൽ തുമ്മലോ അനുബന്ധ ബുദ്ധിമുട്ടുകളോ ഉണ്ടാവില്ല.
മൂക്കിനുള്ളില്‍ അരിപ്പ പോലെ സംരക്ഷിക്കുന്ന ഭാഗമാണ് ക്രിബ്രിഫോം പ്ലേറ്റ് എന്നറിയപ്പെടുന്നത്. ദുര്‍ബലമായ ഈ ഭാഗം പൊട്ടുന്നതു വഴിയാണ് സെറിബ്രോ സ്പൈനല്‍ ഫ്‌ലൂയിഡ് പുറത്തേക്ക് ഒഴുകും.
ഇതുവഴി അമീബ പോലുള്ള അണുക്കള്‍ എളുപ്പത്തില്‍ അകത്തേയ്ക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വാഹനാപകടങ്ങളിലോ മറ്റോ ആ ഭാഗത്ത് പരിക്കേല്‍ക്കുന്നവരില്‍ ക്രിബ്രിഫോം പ്ലേറ്റ് പൊട്ടി സിഎസ്എഫ് (സെറിബ്രോ സ്പൈനല്‍ ഫ്‌ലൂയിഡ്) റൈനോറിയ വരാന്‍ സാധ്യത ഏറെയാണ്. ഇതുള്ളവരില്‍ മെനിഞ്ചൈറ്റിസ് വരാനും സാധ്യതയുണ്ട്.
ഇത്തരം അസുഖമുള്ളവര്‍ ചികിത്സ തേടി ശസ്ത്രക്രിയയിലൂടെ ക്രിബ്രിഫോം പ്ലേറ്റിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി.
അമീബിക് മസ്തിഷ്‌കജ്വരം; രണ്ടുപേർ ഗുരുതരാവസ്ഥയിൽ
കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം. രണ്ട് പേരും തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിൽ കഴിയുന്നത്.
ഇരുവരും മറ്റുരോഗങ്ങളുമുള്ളവരാണ് എന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസം രോഗം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച രണ്ട് പേരിലും ബ്രെയിൻ ഈറ്റിങ് അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചു.
ഹൃദ്രോഗ വിദഗ്ധന്റെ മരണം ഹൃദയാഘാതം മൂലം
ചെന്നൈ: തമിഴ്നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് കാർഡിയാക് സർജൻ മരിച്ചു. ചെന്നൈയിലെ സവീതാ മെഡിക്കൽ കോളേജിൽ ഡോക്ടറായ ഗ്രാഡ്ലിൻ റോയ്(39) ആണ് മരിച്ചത്.
ആശുപത്രിയിൽ ഡ്യൂട്ടിയുടെ ഭാഗമായുള്ള റൗണ്ട്സിനിടെ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു.
ഡോക്ടർ കുഴഞ്ഞുവീണതിന് പിന്നാലെ സഹപ്രവർത്തകരായ മറ്റു ഡോക്ടർമാർ പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് ഹൈദരാബാദിൽ നിന്നുള്ള ന്യൂറോളജിസ്റ്രായ ഡോ. സുധീർ കുമാർ എക്സിൽ കുറിച്ചു.
സിപിആർ, ആൻജിയോപ്ലാസ്റ്റി, ഇൻട്രാ അയോട്ടിക് ബലൂൺ പമ്പ്, ECMO എന്നിവയൊക്കെ ചെയ്തു. എന്നാൽ ഇടതുഭാഗത്തെ പ്രധാന ധമനിയിൽ 100 ശതമാനം ബ്ലോക്ക് ആയിരുന്നതിനാൽ ഹൃദയസ്തംഭനത്തെ തടുക്കാനായില്ലെന്നും ഡോ. സുധീർ വ്യക്തമാക്കി.
അതേസമയം ഗ്രാഡ്ലിന്റെ മരണം ഒറ്റപ്പെട്ട സംഭവം അല്ലെന്നും മുപ്പതുകളിലും നാൽപതുകളിലുമുള്ള ഡോക്ടർമാർ പെട്ടെന്ന് കുഴഞ്ഞുവീണ് മരിക്കുന്നതിന്റെ നിരക്ക് കൂടുകയാണെന്നും അദ്ദേഹം പറയുന്നു. വിശ്രമമില്ലാത്ത ജോലിയാണ് ഇത്തരം മരണങ്ങൾക്കുള്ള പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
ദിവസേന പന്ത്രണ്ടും പതിനെട്ടും മണിക്കൂറുകളാണ് ഡോക്ടർമാർ ജോലി ചെയ്യുന്നത്. ചില സമയങ്ങളിൽ സിംഗിൾ ഷിഫ്റ്റ് പോലും 24 മണിക്കൂറായി നീണ്ടുപോകാറുണ്ടെന്നും ഡോക്ടർ പറയുന്നു. ഇവയ്ക്കു പുറമെ ഹൃദ്രോഗസാധ്യത കൂട്ടുന്നുവെന്ന് ഡോ. സുധീർ കുമാർ പറയുന്നു.
ഇതിനൊപ്പം അനാരോഗ്യകരമായ ജീവിതശൈലി, കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നത്, വ്യായാമം ചെയ്യാതിരിക്കുന്നത്, ഹെൽത്ത് ചെക്കപ്പുകൾ മുടക്കുക തുടങ്ങിയവയൊക്കെ രോഗസാധ്യത വർധിപ്പിക്കുന്നതിന് കാരണമാകാറുണ്ട്.
കൂടാതെ പല ഡോക്ടർമാരും വിഷാദരോഗം, അമിത ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളുമായി കഴിയുമ്പോഴും അതിന് വിദഗ്ധസഹായം തേടാൻ മടിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Summary: Health experts warn that patients with CSF (Cerebrospinal Fluid) rhinorrhea, a condition where fluid leaks from the nose, are at higher risk of contracting amoebic meningoencephalitis.