ദില്ലി: അഞ്ച് ദിവസത്തിനുള്ളിൽ എട്ട് പുതിയ ബില്ലുകൾ. പാർലമെന്റ് സമ്മേളനത്തിന് പുതിയ മന്ദിരം. സുരക്ഷാ ജീവനക്കാർ, സ്പീക്കറുടെ മാർഷൽ അടക്കമുള്ളവർക്ക് പുതിയ യൂണിഫോം. 75 വർഷത്തെ ചരിത്രത്തിലാദ്യമായി അടിമുടി മാറ്റത്തോടെ പാർലമെന്റ് സമ്മേളനത്തിന് ആരംഭമായി. സമ്മേളനത്തിന് മുന്നോടിയായി പഴയ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ മാധ്യമപ്രവർത്തകർക്ക് നൽകിയ സന്ദേശത്തിൽ മാറ്റത്തിന്റെ സൂചനകൾ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകി. ഇന്ത്യയ്ക്ക് പകരം ഭാരത് എന്ന് പരാമർശിച്ച പ്രധാനമന്ത്രി ജി20, ചന്ദ്രയാൻ എന്നിവയുടെ വിജയം എടുത്ത് പറഞ്ഞു. മുൻ കാലങ്ങളിൽ പാർലമെന്റ് സമ്മേളനത്തിന് മുമ്പ് മാധ്യമപ്രവർത്തകരെ കാണുന്ന മോദി അഞ്ച് മിനിറ്റിന് താഴെ മാത്രം നീണ്ട് നിൽക്കുന്ന ചെറു സന്ദേശം നൽകുകയാണ് പതിവ് . പക്ഷെ ഇപ്രാവശ്യം ദീർഘമായി തന്നെ അദേഹം സംസാരിച്ചു. ജി20യിലൂടെ ആഗോളതലത്തിൽ ഇന്ത്യയുടെ നേതൃഗുണം അംഗീകരിക്കപ്പെട്ടു. ഇപ്രാവശ്യത്തെ പാർലമെന്റ് സമ്മേളനം ചെറുതാണെങ്കിലും അർത്ഥവത്താണെന്ന് മോദി അവകാശപ്പെട്ടു.
എട്ട് പുതിയ ബില്ലുകളാണ് അഞ്ച് ദിവസത്തെ സമ്മേളനത്തിനുള്ളിൽ അവതരിപ്പിച്ച് പാസാക്കി എടുക്കാൻ ഭരണപക്ഷം ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളെ നിയമിക്കുന്നതിൽ മാറ്റം വരുത്തുന്നതടക്കമുള്ള ബില്ലുകളാണ് സഭയിൽ കൊണ്ട് വരുന്നത്. അതേ സമയം സമ്മേളനം ആരംഭിച്ചിരിക്കുന്നത് പഴയ മന്ദിരത്തിലാണ്. നാളെ പുതിയ മന്ദിരത്തിലേയ്ക്ക് മാറുമെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ഇത് വരെ കേന്ദ്ര സർക്കാർ തീരുമാനം വ്യക്തമാക്കിയിട്ടില്ല. എന്നാൽ സഭ ജീവനക്കാരുടെ യൂണിഫോംമിലടക്കം മാറ്റം വരുത്തിയിട്ടുണ്ട്. താമരചിഹ്നം ആലേഖനം ചെയ്ത വസ്ത്രങ്ങളാണ് ജീവനക്കാർക്ക് നൽകിയിട്ടുള്ളത്. പ്രതിപക്ഷ മുന്നണിയായി ഇന്ത്യാ യൂണിയൻ രൂപീകൃതമായതിന് ശേഷമുള്ള ആദ്യ സമ്മേളനം കൂടിയാണ്. പ്രതിപക്ഷ മുന്നണിയുടെ ശക്തി പ്രകടന വേദികൂടിയാകും സമ്മേളനം.
Also Read:അനന്ത്നാഗ് തിരച്ചിൽ ആറാം ദിവസത്തിലേയ്ക്ക്