ദിവസങ്ങളായി തുടരുന്ന യുദ്ധത്തിൽ ഏത് നിമിഷവും മരണപ്പെടാമെന്നുമുള്ള ഭയത്താല്‍ കുഞ്ഞുങ്ങളുടെ കൈകാലുകളിലും വയറിലുമൊക്കെ പേരെഴുതി വയ്‌ക്കേണ്ട ഗതികേടിൽ ഗസയിലെ രക്ഷിതാക്കള്‍. ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്താല്‍ കുഞ്ഞുങ്ങളെ തിരിച്ചറിയാനായാണ് ഇത്തരത്തില്‍ ദേഹത്ത് കറുത്ത മഷികൊണ്ട് പേരെഴുതുന്നതെന്ന് ഗസയിലെ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കറുത്ത മഷി കൊണ്ടാണ് പേരെഴുതിവെക്കുന്നത്. ഇസ്രേയേൽ ആക്രമണം ശക്തമാക്കിയതോടെ മരണം തൊട്ടരികിലുണ്ടെന്ന തിരിച്ചറിവിലാണ് ഇങ്ങനെ ചെയ്യുന്നത്. കുഞ്ഞുങ്ങളുടെ ദേഹത്തെന്ന പോലെ സ്വന്തം ശരീരത്തിലും പേരെഴുതി വെക്കുന്ന രക്ഷിതാക്കളുമുണ്ട്. അതേ സമയം ഗസയിൽ ഇസ്രേയേൽ ആക്രമണം ശക്തമാക്കിയതോടെ ഗസ മുനമ്പിലെ ആരോഗ്യ മേഖല പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ഗസയിലെ ആശുപത്രികളില്‍ മഹാഭൂരിഭാഗത്തിന്റെയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ആകെയുള്ള 72ല്‍ 46 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. 35ല്‍ 7 വലിയ ആശുപത്രികളും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണുള്ളത്.
നൂറു കണക്കിന് കുട്ടികളാണ് ഗസയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ചികിത്സയില്‍ കഴിയുന്ന കുട്ടികളുടെ ശരീരത്തിലൊക്കെയും ഇതുപോലെ പേരെഴുതി വെച്ചിട്ടുള്ളതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഈ ആശുപത്രികളടക്കമുള്ള സ്ഥലങ്ങളില്‍ ഏത് നിമിഷവും ബോംബുകള്‍ പതിക്കാനുള്ള സാഹചര്യവുണ്ട്. അങ്ങനെ സംഭവിച്ചാല്‍ കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്യുന്ന കുഞ്ഞുങ്ങളെ തിരിച്ചറിയാന്‍ ഇത്തരത്തില്‍ പേരെഴുതി വെക്കുന്നത് സഹായകരമാകും എന്നാണു മാതാപിതാക്കൾ പറയുന്നത്.
Also read: സ്ട്രോബെറി ഇങ്ങനെ തയ്യാർ ചെയ്തു കഴിക്കൂ; ജീവിതകാലം മുഴുവൻ ഈ അഞ്ചു രോഗങ്ങളെ പ്രതിരോധിക്കാം