കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കരുതെന്ന് ഫറോക്ക് പൊലീസ് ഹൈക്കോടതിയില്‍. ഹര്‍ജിയില്‍ പറഞ്ഞ കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്നാണ് പൊലീസ് റിപ്പോർട്ട്. Farooq Police in High Court not to quash FIR in Pandirangaon domestic violence case
രാഹുല്‍ പി ഗോപാലിന്റെ ഹര്‍ജിയിലാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ശരീരത്തില്‍ മുറിവുകളോടെയാണ് യുവതി പൊലീസ് സ്റ്റേഷനിലെത്തിയത്. മെഡിക്കല്‍ പരിശോധനയിലും ഇക്കാര്യം വ്യക്തമെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പരാതിയില്‍ പറഞ്ഞത് തന്നെ മജിസ്‌ട്രേറ്റിന് മുന്നിലും യുവതി മൊഴി നല്‍കി. പരാതിയില്ലെന്ന യുവതിയുടെ മൊഴി ഭീഷണി മൂലമാണ്. യുവതിയുടെ സത്യവാങ്മൂലം രാഹുലിന്റെ സമ്മര്‍ദ്ദം മൂലമെന്നും റിപ്പോര്‍ട്ടിലുണ്ട്.
രാഹുല്‍ സ്ഥിരം മദ്യപിക്കുന്നയാളാണ്. യുവതിക്ക് ഇനിയും ഉപദ്രവമുണ്ടാകും. രാഹുലിന് സാമ്പത്തിക സ്വാധീനമുണ്ടെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമമുണ്ടായെന്നും ഫറോക്ക് എസിപി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ പി ഗോപാല്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. യുവതിയുമായുള്ള പരാതി ഒത്തുതീര്‍പ്പായെന്നും ഭാര്യയുമായി ഉണ്ടായിരുന്നത് തെറ്റിദ്ധാരണയാണെന്നുമായിരുന്നു ഹര്‍ജിയില്‍ രാഹുല്‍ പറഞ്ഞത്.
യുവതിയെ ശാരീരികമായി ആക്രമിച്ചിട്ടില്ല. ഒരുമിച്ച് ജീവിക്കാനാണ് തീരുമാനം. പൊലീസ് ഇടപെടല്‍ മൂലം ഒരുമിച്ച് ജീവിക്കാനായില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
രാഹുലുമായുള്ള തര്‍ക്കം പരിഹരിച്ചെന്നാണ് യുവതിയുടെ സത്യവാങ്മൂലത്തിലുണ്ടായിരുന്നത്. ഭര്‍ത്താവുമായി ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. പരാതി തുടരുന്നില്ല. മൊഴി നല്‍കേണ്ടി വന്നത് ബന്ധുക്കളുടെ അധികാര സ്വാധീനം മൂലമാണെന്നും യുവതി സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.