പനമ്പറ്റയിലെ കുട്ടികൾ പഠിക്കും ‘റോബോട്ടിൻ്റെ ടെക്നിക് ‘
കണ്ണൂർ ∙ മാലൂർ പനമ്പറ്റ ന്യൂ യു.പി. സ്കൂളിൽ അത്യാധുനിക എഐ–റോബോട്ടിക്സ് ലാബ് പ്രവർത്തനം തുടങ്ങി. കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര ഐപിഎസ് ഉദ്ഘാടനം നിർവഹിച്ചു.
പ്രൈമറി തലത്തിൽ തന്നെ നിർമിതബുദ്ധിയുടെയും റോബോട്ടിക്സിന്റെയും അടിസ്ഥാനങ്ങൾ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ലാബ് സ്ഥാപിച്ചത്.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘യുണീക് വേൾഡ് റോബോട്ടിക്സ്’ സ്റ്റാർട്ടപ്പാണ് റോബോട്ടിക്‌സ് എഐ ആൻഡ് ഇന്നൊവേഷൻ ലാബ് (RAIL) ഒരുക്കിയത്.
ലാബ് ഉദ്ഘാടനത്തോടനുബന്ധിച്ച് എഐ ആൻഡ് റോബോട്ടിക് എക്സ്പീരിയൻസ് സെന്റർ സ്കൂളിൽ സജ്ജമാക്കി. വിവിധ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളും പൊതുജനങ്ങളും പങ്കെടുത്ത പ്രദർശനത്തിൽ നിർമിതബുദ്ധിയുടെ വിവിധ സാധ്യതകൾ നേരിട്ട് അനുഭവിച്ചറിയാൻ അവസരം ലഭിച്ചു.
വിദ്യാർഥികളിൽ ആധുനിക സാങ്കേതിക വിദ്യകളിലേക്കുള്ള താൽപര്യം വളർത്തുന്ന രീതിയിലാണ് ലാബ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
എഐയും ഇലക്ട്രോണിക്സും പഠിക്കാൻ സഹായിക്കുന്ന ക്വാർക്കി (Quarky), വിസ്‌ബോട്ട് (Wizbot) കിറ്റുകൾ, പ്ലൂട്ടോ ഡ്രോണുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.
കുട്ടികളുടെ സൃഷ്ടിപരമായ ആശയങ്ങൾ രൂപപ്പെടുത്താൻ ത്രിഡി പ്രിന്ററുകളും ത്രിഡി പേനകളും ഒരുക്കിയിട്ടുണ്ട്. പ്രോഗ്രാം ചെയ്യാവുന്ന ‘ബോണിക് ബോട്ട്’ എന്ന ഹ്യൂമനോയിഡ് റോബോട്ടും ലാബിൽ ഉൾപ്പെടുത്തും.
നാസ സ്പേസ് ആപ്‌സ് ചലഞ്ച് 2025-ന്റെ ആഗോള സംഘാടകരായ യുണീക് വേൾഡ് റോബോട്ടിക്സ് നേരിട്ട് സ്കൂളിലെ കുട്ടികൾക്ക് പരിശീലനം നൽകും. വിദേശ വിദഗ്‌ധരും വിദ്യാർഥികളും സ്കൂളിലെത്തി പരിശീലന പരിപാടികൾ സംഘടിപ്പിക്കും.
ഗ്രാമീണ മേഖലയിലെ പൊതുജനങ്ങൾക്കും സാങ്കേതിക വിദ്യാഭ്യാസം ലഭ്യമാക്കുക എന്ന ലക്ഷ്യവും സ്കൂൾ ഏറ്റെടുത്തിട്ടുണ്ട്.
മാലൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് ബാബു അധ്യക്ഷനായ ചടങ്ങിൽ യുണീക് വേൾഡ് റോബോട്ടിക്സ് സിഇഒ ബൻസൻ തോമസ് ജോർജ് മുഖ്യാതിഥിയായി.
സ്റ്റാർട്ടപ്പ് മിഷൻ പിആർഒ അഷിത വി.എ., കേരള സാങ്കേതിക സർവകലാശാല മുൻ സിൻഡിക്കറ്റംഗം ആഷിക് ഇബ്രാഹിം കുട്ടി എന്നിവർ പദ്ധതി വിശദീകരിച്ചു. സ്കൂൾ മാനേജർ വി.കെ. സനോജ് സ്വാഗതവും പ്രധാനാധ്യാപകൻ ടി.പി. രഞ്ജിത് കുമാർ നന്ദിയും അറിയിച്ചു.
English Summary
An advanced AI and Robotics Lab has been launched at Panambatta New UP School in Malur, Kannur. The lab aims to introduce primary-level students to artificial intelligence and robotics. Set up by Dubai-based Unique World Robotics, the facility includes Quarky and Wizbot kits, Pluto drones, 3D printers, 3D pens, and a programmable humanoid robot. Experts, including international trainers, will provide hands-on training. The initiative also aims to extend technical education opportunities to the rural community.
panambatta-school-ai-robotics-lab-kannur
Panambatta School, Kannur News, AI Lab, Robotics Education, Unique World Robotics, School Innovation, Technology in Education, Kerala Education, STEM Learning









