പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ കാരിച്ചാൽ ചുണ്ടന് എഴുപതാമത് നെഹ്റു ട്രോഫി. ഫൈനലിൽ വില്ലേജ് ബോട്ട് ക്ലബ്ബിന്റെ വിയപുരം, നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടൻ, കുമരകം ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ വള്ളങ്ങളെ മറികടന്നാണ് കാരിച്ചാലിന്റെ വിജയം. Pallathuruthy Boat Club’s Carichal Chundan wins the 70th Nehru Trophy
വില്ലേജ് ബോട്ട് ക്ലബ്ബ് കൈനകരി തുഴഞ്ഞ വീയ്യപുരം ചുണ്ടൻ രണ്ടാമതും കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ മൂന്നാമതും എത്തി. നിരണം ബോട്ട് ക്ലബ്ബ് തുഴഞ്ഞ നിരണം ചുണ്ടൻ ആണ് നാലാം സ്ഥാനത്ത്.
ഫൈനലിലെ 4 വള്ളങ്ങളും ഒരു സെക്കൻഡിൽ താഴെ വ്യത്യാസത്തിലാണ് ഫൈനലിൽ ഫിനിഷ് ചെയ്തത്. ലൂസേഴ്സ് ഫൈനലിൽ തലവടി ചുണ്ടൻ വിജയി ആയി. രണ്ടാം ലൂസേഴ്സ് ഫൈനലിൽ വലിയ ദിവാൻജിയും മൂന്നാം ലൂസേഴ്സ് ഫൈനലിൽ ആയാപറമ്പ് പാണ്ടി ചുണ്ടനും ജേതാക്കളായി.
ഹീറ്റ്സ് മത്സരങ്ങളിൽ റെക്കോഡ് സമയം കുറിച്ചാണ് കാരിച്ചാൽ ചുണ്ടൻ ഒന്നാമതെത്തിയത്. നെഹ്റു ട്രോഫി വള്ളംകളിയുടെ ചരിത്രത്തിലെ മികച്ച സമയമാണ് ഹീറ്റ്സിൽ പി ബി സി ഫൈനൽ യോഗ്യത ഉറപ്പിച്ചത്. 4.14.35 മിനിറ്റിലായിരുന്നു ഫിനിഷിങ്.
5 ഹീറ്റ്സ് മത്സരങ്ങളിലായി 19 ചുണ്ടൻ വള്ളങ്ങളാണ് പങ്കെടുത്തത്. ഒന്നാം ഹീറ്റ്സ് മത്സരത്തിൽ കൊല്ലം ജീസസ് ക്ലബ് തുഴഞ്ഞ ആനാരി ചുണ്ടൻ ജേതാക്കളായി.
രണ്ടാം ഹീറ്റ്സിൽ പുന്നമട ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടനും മൂന്നാം ഹീറ്റ്സിൽ യുബിസി കൈനകരിയുടെ തലവടി ചുണ്ടനും ജേതാക്കളായി. നാലാം ഹീറ്റ്സിൽ വിബിസി കൈനകരിയുടെ വിയപുരം ചുണ്ടൻ ഒന്നാമതെത്തി. ഹീറ്റ്സ് അഞ്ചിൽ കാരിച്ചാൽ ചുണ്ടനും ഒന്നാമതെത്തി.