കടുത്ത ചൂടിൽ തൊഴാൻ എത്തുന്ന ഭക്തർക്ക് ആശ്വാസം പകരാൻ ഗുരുവായൂർ ക്ഷേത്രത്തിൽ ശീതീകരണ സംവിധാനം സ്ഥാപിച്ചു. നാലമ്പലത്തിനുള്ളിലാണ് ശീതീകരണ സംവിധാനം സ്ഥാപിച്ചത്. പഴനി ക്ഷേത്ര മാതൃകയിൽ എയർ കൂളർ സംവിധാനമാണ് ഗുരുവായൂരിൽ ഉപയോഗിച്ചിരിക്കുന്നത്. ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ നാലമ്പലത്തിൽ സ്ഥാപിച്ച ശീതീകരണ സംവിധാനത്തിൻ്റെ സമർപ്പണം നിർവ്വഹിച്ചു. കെപിഎം പ്രോസസിങ്ങ് മിൽ എംഡി ശേഖറാണ് വഴിപാടായി ശീതീകരണ സംവിധാനം സമർപ്പിച്ചത്. ഇനി ചുറ്റമ്പലം, കൗണ്ടിങ്ങ്ഹാൾ എന്നിവിടങ്ങളിലും ശീതീകരണ സംവിധാനമൊരുക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. സമർപ്പണ ചടങ്ങിൽ ദേവസ്വം ഭരണസമിതി അംഗങ്ങളും പങ്കെടുത്തു.
നേരത്തെ പഴനി മാതൃകയിൽ ശീതീകരണ സംവിധാനം സജ്ജീകരിക്കാൻ തമിഴ്നാട്ടിൽ നിന്ന് എൻജിനിയറിങ് വിദഗ്ധ സംഘം ഗുരുവായൂരിൽ എത്തിയിരുന്നു. തമിഴ്നാട് എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നുള്ള സംഘമാണ് എത്തിയത്. തമിഴ്നാട് എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ് എംഡി രമേഷ് കുമാർ എസ്, മാനേജർ എസ് സന്ദീപ്, മാർക്കറ്റിങ് ഡയറക്ടർ, മുരുകാനന്ദ കെ എന്നിവർ ദേവസ്വം ഭരണസമിതി അംഗവും ക്ഷേത്രം തന്ത്രിയുമായ ബ്രഹ്മശ്രീ പിസി ദിനേശൻ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗം സി മനോജ്, അഡ്മിനിസ്ട്രേറ്റർ കെപി വിനയൻ, ദേവസ്വം ഇലക്ട്രിക്കൽ, മരാമത്ത് വിഭാഗം ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു.