ന്യൂഡൽഹി: കഴിഞ്ഞ പത്തുവർഷത്തിനിടെ രാജ്യത്തെ വാണിജ്യ ബാങ്കുകൾ എഴുതിത്തള്ളിയത് 12.3 ലക്ഷം കോടി രൂപയുടെ വായ്പകളെന്ന് റിപ്പോർട്ട്. ഇതിൽ പകുതിയും എഴുതിത്തളളിയത് പൊതുമേഖല ബാങ്കുകൾ ആണെന്ന് കേന്ദ്രസർക്കാർ പാർലമെന്റിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
2015 സാമ്പത്തികവർഷം മുതൽ 2024 സാമ്പത്തികവർഷം വരെയുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നത്. 2020 സാമ്പത്തികവർഷം മുതൽ 2024 സാമ്പത്തികവർഷം വരെയുള്ള നാലുവർഷ കാലയളവിലാണ് പൊതുമേഖ ബാങ്കുകൾ കോടികളുടെ വായ്പകൾ എഴുതിത്തള്ളിയത്.
6.5 ലക്ഷം കോടി രൂപയുടെ വായ്പകളാണ് ഇക്കാലയളവിൽ എഴുതിത്തള്ളിയതെന്നാണ് റിപ്പോർട്ട്. 2019 സാമ്പത്തികവർഷത്തിലാണ് വായ്പകൾ ഏറ്റവുമധികം എഴുതിത്തള്ളിയിരിക്കുന്നത്. 2.4 ലക്ഷം കോടി രൂപയുടെ വായ്പകളാണ് 2019ൽ രാജ്യത്തെ വാണിജ്യബാങ്കുകൾ മാത്രം എഴുതിത്തള്ളിയത്. വായ്പ എഴുതി തള്ളൽ ഏറ്റവും കുറവ് 2014 സാമ്പത്തികവർഷത്തിലാണ്. 1.7 ലക്ഷം കോടി രൂപ. 2024 സാമ്പത്തികവർഷത്തിൽ കുടിശ്ശികയുള്ള 165 ലക്ഷം കോടി രൂപയുടെ മൊത്തം ബാങ്ക് വായ്പയുടെ ഒരു ശതമാനം മാത്രമാണിത്.
നിലവിൽ ബാങ്കിങ് മേഖലയിൽ നൽകുന്ന വായ്പയുടെ 51 ശതമാനം വിഹിതവും പൊതുമേഖലാ ബാങ്കുകളുടേതാണെന്നും 2023 സാമ്പത്തിക വർഷത്തിൽ ഇത് 54 ശതമാനത്തിൽ താഴെയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ആർബിഐ കണക്കുകൾ പ്രകാരം 2024 സെപ്തംബർ 30 വരെ പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യമേഖലാ ബാങ്കുകളുടെയും മൊത്തം നിഷ്‌ക്രിയാസ്തി യഥാക്രമം 3,16,331 കോടി രൂപയും 1,34,339 കോടി രൂപയുമായിരുന്നു. കുടിശ്ശികയുള്ള വായ്പകളുടെ 3.01 ശതമാനം വരും ഇത്തരത്തിലുള്ള പൊതുമേഖല ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി. സ്വകാര്യബാങ്കുകളുടേത് 1.86 ശതമാനമെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി സഭയെ അറിയിച്ചു.
ബാങ്കിങ് പ്രവർത്തനത്തിന്റെ അഞ്ചിലൊന്ന് പങ്കാളിത്തം കൈയാളുന്ന എസ്ബിഐ ഇക്കാലയളവിൽ 2 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയിരിക്കുന്നത്. പൊതുമേഖല ബാങ്കുകളിൽ പഞ്ചാബ് നാഷണൽ ബാങ്ക് 94,702 കോടി രൂപയുടെ വായ്പയാണ് എഴുതിത്തള്ളിയത്. നടപ്പു സാമ്പത്തിക വർഷം സെപ്റ്റംബർ അവസാനം വരെയുള്ള കാലയളവിൽ പൊതുമേഖലാ ബാങ്കുകൾ 42,000 കോടി രൂപയുടെ വായ്പകളാണ് എഴുതിത്തള്ളിയത്.