കൊച്ചി: ‘ഒരു ഭാരത സർക്കാർ ഉത്പന്നം’ എന്ന സിനിമയുടെ പേരിൽ മാറ്റം വരുത്തണമെന്ന് സെൻസർ ബോർഡ് ഉത്തരവിറക്കിയതിന് പിന്നാലെ പ്രതിഷേധവുമായി സിനിമയുടെ അണിയറപ്രവർത്തകർ. അടുത്ത വാരം റിലീസ് ചെയ്യുന്ന സിനിമയുടെ പോസ്റ്ററുകൾ ഇതിനോടകം തന്നെ ഒട്ടിച്ചു കഴിഞ്ഞിരുന്നു. ഈ പോസ്റ്ററുകളിലെ ‘ഭാരതം’ എന്ന വാക്ക് കറുത്ത സ്റ്റിക്കർ കൊണ്ട് മറച്ചു കൊണ്ടാണ് അണിയറ പ്രവർത്തകരുടെ പ്രതിഷേധം.
റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ സെൻസർ ബോർഡിന്റെ ആവശ്യം അംഗീകരിക്കുക എന്നത് മാത്രമേ തങ്ങൾക്ക് മുന്നിൽ വഴിയുള്ളൂ എന്ന് അണിയറപ്രവർത്തകർ പ്രതികരിച്ചു. പാലാരിവട്ടത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സുഭീഷ് സുബി, ലാൽജോസ്, ഗൗരി കൃഷ്ണ, ഷെല്ലി കിഷോർ ഉൾപ്പടെയുള്ളവർ പങ്കെടുത്തു.
കഴിഞ്ഞ ദിവസമാണ് സിനിമയുടെ പേര് മാറ്റാൻ സെൻസർ ബോർഡ് നിർദേശിച്ചത്. ഭാരതം എന്നത് മാറ്റി സർക്കാർ ഉത്പന്നം എന്നാക്കിയില്ലെങ്കിൽ പ്രദർശനാനുമതി നൽകിയുള്ള സർട്ടിഫിക്കറ്റ് അനുവദിക്കില്ലെന്നായിരുന്നു സെൻസർ ബോർഡിന്റെ നിലപാട്. ഇതോടെയാണ് പേരിൽ മാറ്റം വരുത്തിയിരിക്കുന്നത്. ചിത്രത്തിന് യു സർട്ടിഫിക്കറ്റ് ലഭിച്ചെന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞത്. ഭാരതം എന്ന പേര് മാറ്റാൻ പറഞ്ഞതിന്റെ കാരണം വ്യകതമായിട്ടില്ലെന്നും അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. പോസ്റ്ററുകളും ബാനറുകളും അടക്കം മാറ്റുന്നതിലൂടെ കോടികളുടെ നഷ്ടം ഉണ്ടാകുമെന്നും അണിയറ പ്രവർത്തകർ അറിയിച്ചു. തിയേറ്ററുകളിൽ നിന്ന് ചിത്രത്തിന്റെ ട്രെയ്‍ലർ പിൻവലിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
പുരുഷവന്ധ്യംകരണം പ്രമേയമാകുന്ന കോമഡി ഡ്രാമ ചിത്രം ടി വി രഞ്ജിത്താണ് സംവിധാനം ചെയ്യുന്നത്. വാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ചിത്രത്തിൽ അജു വർഗീസ്, ജാഫർ ഇടുക്കി, വിനീത് വാസുദേവൻ, ദർശന നായർ, ജോയ് മാത്യു, വിജയ് ബാബു, ഹരീഷ് കണാരൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
Read Also: പ്രണയം നിരസിച്ചു; മംഗളൂരുവിൽ മൂന്ന് പെൺകുട്ടികൾക്ക് ആസിഡ് ആക്രമണം, മലയാളി യുവാവ് പിടിയിൽ