ഡി.ഇ.ഒ. ഓഫീസിലെ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ സർക്കാർ സ്‌കൂളിലെ വിദ്യാർഥികളുടെ പട്ടിക തിരുത്തി സ്വകാര്യ സ്‌കൂളിലേയ്ക്ക് മാറ്റിയ സംഭവത്തിന് പിന്നാലെ കട്ടപ്പന ഡി.ഇ.ഒ. ഓഫീസിലെ കൂടുതൽ അഴിമതിക്കഥകൾ പുറത്ത്.
രക്ഷകർത്താക്കളോ സ്‌കൂൾ അധികൃതരോ അറിയാതെയാണ് തലയെണ്ണലിന് മുൻപ് സർക്കാരിന്റെ സമ്പൂർണ പോർട്ടലിൽ ഉദ്യോഗസ്ഥൻ തിരുത്തൽ വരുത്തിയത്. ഡി.ഇ.ഒ. അവധിയിൽ പ്രവേശിച്ച തക്കത്തിനായിരുന്നു ഉദ്യോഗസ്ഥർ ക്രമക്കേട് കാട്ടിയത്.
സംഭവത്തിൽ പങ്കാളിയായ ഉദ്യോഗസ്ഥനെതിരെ ഡി.ഇ.ഒ. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയെങ്കിലും അന്വേഷണ വിധേയമായി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനെ മാറ്റി നിർത്താൻ നടപടിയുണ്ടായില്ല. ഉദ്യോഗസ്ഥരുടെ സംഘടനകളുടെ സമർദം അതിജീവിച്ചാണ് പ്രശ്‌നക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ഡി.ഇ.ഓ. റിപ്പോർട്ട് നൽകിയത്.
ഇതിനിടെ ഡി.ഇ.ഒ. ശകാരിച്ചതിന്റെ മനോവിഷമത്തിൽ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് അധ്യാപിക അശുപത്രിയിൽ ചികിത്സ തേടി. ഇതോടെ ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം ഡി.ഇ.ഒ.യ്ക്ക് എതിരെ രംഗത്ത് വന്നു. വിവാദങ്ങൾ ശക്തമായതോടെ സ്വകാര്യ സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന്റെ രേഖകൾ ശരിയാക്കാൻ ഡി.ഇ.ഒ. ഓഫീസ് കേന്ദ്രീകരിച്ച് കൈക്കൂലി വാങ്ങിയത് ഉൾപ്പെടെയുള്ള സംഭവങ്ങൾ പുറത്തു വരുന്നുണ്ട്.
സർവീസ് സംഘടനകളിൽ ശക്തമായ സ്വാധീനം ഉള്ളതിനാൽ മുൻപും അഴിമതിയാരോപണങ്ങൾ ഉണ്ടായപ്പോൾ ഉദ്യോഗസ്ഥർ അവ ഒതുക്കിത്തീർത്തിരുന്നു. പോലീസ് രഹസ്യാന്വേഷണ വിഭാഗവും ഡി.ഇ.ഒ. ഓഫീസിലെത്തി അന്വേഷണം നടത്തിയിരുന്നു. അഴിമതിക്കഥകൾ വാർത്തയായതോടെ സർവീസ് സംഘടനകളെ ഉപയോഗിച്ച് പ്രശ്‌നങ്ങൾ ഒതുക്കിത്തീർക്കാനുള്ള നീക്കവും ശക്തമാണ്.