തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പുതുപ്പള്ളി പള്ളിയില്‍ നടക്കും. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഇന്ന് ഉച്ചയോടെ ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തെ വസതിയിലേക്ക് പ്രത്യേക വിമാനത്തില്‍ എത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ശേഷം സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
തുടര്‍ന്ന് അദ്ദേഹത്തിന്റെ ദേവാലയമായ സെന്റ് ജോര്‍ജ് ഓര്‍ത്തോഡോക്‌സ് കത്തീഡ്രലില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ഇന്ദിരാഭവനില്‍ കൊണ്ടുവരും. രാത്രിയോടെ തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വീട്ടില്‍ (പുതുപ്പള്ളി ഹൗസ്) കൊണ്ടുവരും. നാളെ രാവിലെ 7 മണിക്ക് വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം.
രാത്രിയോടെ പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകും. വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പുതുപ്പള്ളി പള്ളിയില്‍വച്ച് സംസ്‌കാര ചടങ്ങുകള്‍ നടക്കും. കുടുംബവുമായി കൂടിയാലോചിച്ചുള്ള തീരുമാനമാണിതെന്ന് വി ഡി സതീശന്‍ പറഞ്ഞു.