തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു. ബെംഗളൂരുവില്‍നിന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ മൃതദേഹം എത്തിച്ചത്. വന്‍ ജനാവലിയുടെ അകമ്പടിയോടെ മൃതദേഹം സ്വവസതിയായ പുതുപ്പള്ളി ഹൗസിലേക്ക് കൊണ്ടുപോയി. സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ഹാളിലും കെപിസിസി ഓഫിസിലും പൊതുദര്‍ശനത്തിനുവയ്ക്കും. ബുധനാഴ്ച രാവിലെ 7 മണിയോടെ മൃതദേഹം കോട്ടയത്തേക്കു കൊണ്ടുപോകും.
ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്രയില്‍ ഉമ്മന്‍ചാണ്ടിയെ കാണാന്‍ പാതയ്ക്കു ചുറ്റും ജനങ്ങള്‍ തിക്കി തിരക്കി. പലര്‍ക്കും കണ്ണീരടക്കാനായില്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാവിലെതന്നെ തലസ്ഥാനത്തെത്തിയിരുന്നു. ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകള്‍ പങ്കുവച്ച് പലരും വിതുമ്പി.
മൃതദേഹം ആദ്യമെത്തിക്കുന്നത് പുതുപ്പള്ളി ഹൗസിലാണെന്നറിഞ്ഞതോടെ പ്രവര്‍ത്തകരും നേതാക്കളും അവിടേയ്ക്ക് ഒഴുകിയെത്തി. മുന്‍ കെപിസിസി പ്രസിഡന്റ് വി.എം.സുധീരനും എകെ.ആന്റണിയും മൃതദേഹം എത്തിക്കുന്നതിന് മുന്‍പ് വസതിയിലെത്തി. വയലാര്‍ രവി, ഉമ്മന്‍ചാണ്ടി, എ.കെ.ആന്റണി ഇവരായിരുന്നു തങ്ങളുടെ നേതാക്കളെന്ന് വി.എം.സുധീരന്‍ പറഞ്ഞു. വ്യക്തിബന്ധം നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുമ്പോഴും നയപരമായി വിയോജിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. അഭിപ്രായ വ്യത്യാസങ്ങള്‍ തുറന്നു പറയാന്‍ സഹായിച്ചത് കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് ക്യാംപുകളിലെ പഠനമാണ്. അടുത്ത ബന്ധമാണ് ഉമ്മന്‍ചാണ്ടിയുമായി ഉണ്ടായിരുന്നതെന്നും വി.എം.സുധീരന്‍ പറഞ്ഞു.