കൈവിരലുകൾ മാത്രം പരസ്യങ്ങളിൽ പ്രദർശിപ്പിച്ച് യുവതി നേടുന്നത് വർഷം തോറും 25 ലക്ഷത്തോളം രൂപ. ന്യൂയോർക്കിലെ ബ്രൂക്ലിൻ സ്വദേശിയായ അലക്സാന്ദ്ര ബെറോക്കൽ എന്ന 37 കാരിയാണ് ഹാൻഡ് മോഡലിംഗിലൂടെ ലക്ഷങ്ങൾ സമ്പാദിക്കുന്നത്.അഞ്ച് മണിക്കൂർ വരെയുള്ള ഷൂട്ടിംഗുകൾക്ക് 62,588 രൂപയും 40 മിനിട്ട് ഷൂട്ടിന് ഒരു ലക്ഷം രൂപ വരെയും തനിയ്ക്ക് ലഭിക്കാറുണ്ടെന്ന് അലക്സാന്ദ്ര പറയുന്നു. കൂടാതെ ഇതൊരു മികച്ച വ്യവസായ മേഖലയാണെന്നും, ഇതേക്കുറിച്ച് അറിയാവുന്നവർ കുറവാണെന്നും അലക്സാന്ദ്ര പറയുന്നു. ഒരു ഫൂട്ട് വെയർ കമ്പനിയിൽ സ്ഥിര ജോലിക്കാരിയായ അലക്സാന്ദ്ര പാർടൈം ആയാണ് മോഡലിംഗ് ചെയ്യുന്നത്. തന്റെ കൈകൾ ചെറുതായതുകൊണ്ട് പരസ്യങ്ങളിൽ കയ്യിൽ പിടിച്ചിരിക്കുന്ന ഉൽപ്പന്നങ്ങൾ വലുതായി കാണപ്പെടുമെന്നും, അതാണ് പല കമ്പനികൾക്കും ആവശ്യമെന്നും യുവതി പറയുന്നു.
വൈഎസ്എൽ, മൈക്രോസോഫ്റ്റ്, ബ്രാൻഡൻ ബ്ലാക്ക്‌വുഡ്, മാസി, ഷേക്ക് ഷാക്ക്, കിസ് നെയിൽസ്, സെറീന വില്യംസ് ജ്വല്ലറി തുടങ്ങിയ നിരവധി ആഗോള ബ്രാൻഡുകളുടെ പരസ്യ ചിത്രങ്ങളുടെ ഭാഗമാണ് അലക്സാന്ദ്ര. വിവിധ കമ്പനികളുടെ ഉൽപ്പന്നങ്ങൾ കയ്യിൽ പിടിക്കുകയും, അവയുടെ പുറത്ത് കൂടി കൈ വിരലുകൾ ഓടിക്കുകയും ഒക്കെയാണ് പ്രധാന ജോലി. ടാറ്റൂകളോ മറ്റ് പാടുകളോ ഇല്ലാത്ത തെളിഞ്ഞ ചർമ്മമാണ് പല കമ്പനികൾക്കും ആവശ്യമെന്നും ചർമ്മത്തിന്റെ നിറവും, മെലിഞ്ഞ വിരലുകളും, നഖത്തിന്റെ ആകൃതിയുമെല്ലാം ഈ ജോലിക്ക് പ്രധാനമാണെന്നും തന്റെ കൈകളുടെ നിറവും വിരലുകളുടെ ആകൃതിയുമാണ് എളുപ്പത്തിൽ ഈ ജോലി ലഭിക്കാൻ കാരണമെന്നും അലക്സാന്ദ്ര പറയുന്നു.