തിരുവനന്തപുരം: ശിശുക്ഷേമ സമിതിയുടെ അമ്മതൊട്ടിലിൽ ഒരു മാസത്തിനിടെ എത്തിയത് ആറ് കുരുന്നുകൾ. നാല് പെൺകുട്ടികളേയും രണ്ട് ആൺകുട്ടികളേയുമാണ് ഇവിടെ ലഭിച്ചത്.
ഇവരെല്ലാം സുരക്ഷിതരാണ്. ചൊവ്വാഴ്ച രാത്രി 7.30 ന് 2.480 കിലോ ഭാരവും 4 ദിവസം പ്രായവുമുള്ള പെൺകുഞ്ഞ് ആണ് ഇവിടെ അതിഥിയായി അവസാനമെത്തിയത്.
എം.ടി സ്മൃതിയുടെ ഭാഗമായി ആ കുഞ്ഞിന് തൂലിക എന്ന പേര് നൽകിയതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി പറഞ്ഞു. അന്നേ ദിവസം വെളുപ്പിന് മറ്റൊരു പെൺകുഞ്ഞിനെ കൂടി ഇവിടെ ലഭിച്ചിരുന്നു.
അമ്മത്തൊട്ടിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ സ്ഥാപിച്ചതിനുശേഷം ഏറ്റവും കൂടുതൽ കുട്ടികളെ ലഭിക്കുന്നത് തിരുവനന്തപുരത്താണ്. 621 കുട്ടികളെയാണ് ഇവിടെ ലഭിച്ചത്. കഴിഞ്ഞ 19 മാസത്തിനിടെ നിയമപരമായ മാർഗങ്ങളിലൂടെ 130 കുട്ടികളെയാണ് ദത്ത് നൽകിയത്.
തുളസി, നിർമ്മൽ, വാമിക, തെന്നൽ, അലിമ, തൂലിക എന്നിങ്ങനെയാണ് കുട്ടികൾക്ക് നൽകിയിരിക്കുന്ന പേരുകൾ. അമ്മത്തൊട്ടിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ സ്ഥാപിച്ച ശേഷം ഏറ്റവും കൂടുതൽ കുട്ടികളെ ലഭിക്കുന്നത് തിരുവനന്തപുരത്ത് ആണ്.
സംസ്ഥാന സർക്കാരിന്റെയും വകുപ്പ് മന്ത്രി വീണാ ജോർജിന്റെയും സമിതിയുടെയും തീവ്രമായ ബോധവത്കരണങ്ങളിലൂടെ അമ്മത്തൊട്ടിലിനെ ശിശു സംരക്ഷണ കേന്ദ്രമാക്കി.
ഇവിടെ എത്തപ്പെടുന്ന ബാല്യങ്ങൾക്ക് മതിയായ പരിചരണം നൽകി സുതാര്യമായ ദത്തെടുക്കൽ നടപടിക്രമങ്ങളിലൂടെ ദത്ത് നൽകാൻ സമിതിക്ക് കഴിഞ്ഞുവെന്നും ജി.എൽ. അരുൺഗോപി മാധ്യമങ്ങളോട് പറഞ്ഞു.