കൊച്ചി: കാൻസർ രോഗ വിദഗ്ധൻ ഡോ. വി പി ഗംഗാധരന് ഭീഷണി. മുംബൈയിലെ ‘സിറ്റിസൺസ് ഫോർ ജസ്റ്റിസ്’ എന്ന പേരിലുള്ള കത്തിലൂടെയാണ് പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. വി പി ഗംഗാധരന് ഭീഷണി സന്ദേശം ലഭിച്ചത്.
‘ബ്ലഡ് മണി’യായി 8.25 ലക്ഷം രൂപ നൽകണമെന്നും ഇല്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണ് കത്തിലെ ഭീഷണി. കത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ലിങ്ക് അല്ലെങ്കിൽ ക്യുആർ കോഡ് വഴി ബിറ്റ് കോയിൻ ആയി പണം നൽകണം എന്നാണ് ഭീഷണിയിൽ പറയുന്നത്. തപാൽ വഴി മെയ് 17 ന് ലഭിച്ച കത്തിന്റെ പശ്ചാത്തലത്തിൽ ഡോ. ഗംഗാധരൻ മരട് പൊലീസിൽ പരാതിനൽകുകയായിരുന്നു.
ഡോ. ഗംഗാധരന്റെ ചികിത്സാ പിഴവിനെ തുടർന്ന് പെൺകുട്ടി മരിക്കാൻ ഇടയായെന്നും തുടർന്ന് അവളുടെ അമ്മ ആത്മഹത്യ ചെയ്‌തെന്നുമാണ് കത്തിലെ പ്രധാന ആരോപണം. നീതി തേടി പെൺകുട്ടിയുടെ പിതാവ് തങ്ങളെ സമീപിച്ചത് പ്രകാരമാണ് ഇടപെടലെണ് ഇതെന്ന് കത്തിൽ സംഘം അവകാശപ്പെടുന്നതെന്ന് പൊലീസ് പറയുന്നു. പണം നൽകാതിരുന്നാൽ ഡോക്ടറുടെയും കുടുംബത്തിന്റെയും ജീവൻ അപകടത്തിലാക്കുമെന്നും കത്തിൽ പറയുന്നു.
എന്നാൽ, കത്തിൽ പറയുന്ന തരത്തിൽ ഒരു സംഭവം ഇല്ലെന്നാണ് ഡോ. ഗംഗാധരൻ പയുന്നത്. ”ഞാൻ ചികിത്സിച്ച ഒരു രോഗി മരിച്ചെന്നാണ് കത്തിൽ പറയുന്നത്. എന്നാൽ പ്രത്യേക വിവരങ്ങൾ നൽകിയിട്ടില്ല. അത്തരമൊരു സംഭവം എനിക്ക് ഓർമ്മയില്ല. ഇത് ഒരു തട്ടിപ്പാണെന്ന് സംശയിക്കുന്നു.”
കത്തിൽ അയച്ച വ്യക്തിയുടെ വിവരങ്ങളില്ല. എന്നാൽ പണം കൈമാറുന്നതിനുള്ള അക്കൗണ്ട് വിശദാംശങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സമാനമായ ഭീഷണികൾ മറ്റ് ഡോക്ടർമാർക്ക് ലഭിച്ചിട്ടുണ്ടോ എന്നറിയില്ലെന്നും ഡോ. ഗംഗാധരൻ പറയുന്നു. പരാതിയിൽ, ഭീഷണിപ്പെടുത്തൽ, വധഭീഷണി, പണം തട്ടിയെടുക്കൽ ശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.