മസ്കത്ത്: പൗരത്വനിയമങ്ങൾ കർശനമാക്കി ഒമാൻ. പുതിയ വ്യവസ്ഥ പ്രകാരം രാജ്യത്ത് കുറഞ്ഞത് 15 വർഷം തുടർച്ചയായി താമസിക്കുന്നവർക്ക് മാത്രമേ പൗരത്വത്തിന് അപേക്ഷിക്കാൻ സാധിക്കുകയുള്ളു. എന്നാൽ, ഒരുവർഷത്തിൽ 90 ദിവസംവരെ രാജ്യത്തിന് പുറത്താണെങ്കിലും അയോഗ്യരാക്കില്ല.
കൂടാതെ അപേക്ഷകർക്ക് അറബിക് ഭാഷ സംസാരിക്കാനും എഴുതാനും അറിഞ്ഞിരിക്കണം. നല്ല പെരുമാറ്റത്തിനുള്ള സാക്ഷ്യപത്രവും ഇതോടൊപ്പം ആവശ്യമാണ്. സാമ്പത്തികശേഷിയും നല്ല ആരോഗ്യവും ഉണ്ടായിരിക്കണം. പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള രോഗങ്ങൾ ഉണ്ടാവാൻ പാടില്ലെന്നും പുതിയ വ്യവസ്ഥകളിൽ പറയുന്നു.
അതോടൊപ്പം തന്നെ മാതൃരാജ്യത്തിന്റെ പൗരത്വം ഉപേക്ഷിച്ചതായി എഴുതിനൽകണം. മാതൃരാജ്യത്തിന്റേതല്ലാത്ത പൗരത്വം ഇല്ലെന്നും ഉറപ്പുനൽകണം. ഗുരുതരമായ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട വ്യക്തിയാകാൻ പാടില്ല. പ്രവാസിക്ക് ഒമാൻ പൗരത്വം ലഭിക്കുന്നതോടെ ആ വ്യക്തിക്ക് ഒമാനിൽ ജനിച്ച മക്കൾക്കും അയാളോടൊപ്പം ഒമാനിൽ സ്ഥിരതാമസമാക്കിയ മക്കൾക്കും പൗരത്വം ലഭിക്കും.