കൊച്ചി: അവസാന ത്രൈമാസക്കാലയളവില്‍ ലാഭം മെച്ചപ്പെടുത്താനായില്ലെങ്കിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലെ നാല് സ്വകാര്യ ബാങ്കുകളുടെ സംയോജിത ലാഭം 4,218 കോടി രൂപ.
ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്കിന്റെ ലാഭം 24 ശതമാനം വര്‍ദ്ധിച്ച് 3,721 കോടി രൂപയിലെത്തി. തൃശൂരിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് 1,070 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. സി.എസ്.ബി ബാങ്ക് 151.5 കോടി രൂപയും ധനലക്ഷ്മി ബാങ്ക് 58 കോടി രൂപയും അറ്റാദായം നേടി.
ജനുവരി മുതല്‍ മാര്‍ച്ച് വരെ ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 0.4 ശതമാനം ഉയര്‍ന്ന് 906.3 കോടി രൂപയായി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം ഇക്കാലയളവില്‍ 14 ശതമാനം ഇടിഞ്ഞ് 287.56 കോടി രൂപയിലെത്തി. സി.എസ്.ബി ബാങ്കിന്റെ അറ്റാദായം 3.1 ശതമാനം കുറഞ്ഞ് 151.5 കോടി രൂപയിലെത്തി. ധനലക്ഷ്മി ബാങ്കിന്റെ ലാഭം 91 ശതമാനം കുറഞ്ഞ് 3.31 കോടിയായി.
ഫെഡറല്‍ ബാങ്കിന്റെ പലിശ വരുമാനം മാര്‍ച്ച് പാദത്തില്‍ 15 ശതമാനം ഉയര്‍ന്ന് 2,195 കോടി രൂപയിലെത്തിയിട്ടുണ്ട്. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇക്കാലയളവില്‍ 874.67 കോടി രൂപയാണ് പലിശ ഇനത്തില്‍ നേടിയത്. സി.എസ്.ബി ബാങ്കിന്റെ പലിശ വരുമാനം 11 ശതമാനം ഉയര്‍ന്ന് 387 കോടി രൂപയിലെത്തി. ധനലക്ഷ്മി ബാങ്കിന്റെ പലിശ വരുമാനം 9 ശതമാനം കുറഞ്ഞ് 104.86 കോടിയായി.
ഫെഡറല്‍ ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി(എന്‍.പി.എ) 2.13 ശതമാനമായാണ് കുറഞ്ഞത്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എന്‍.പി.എ 5.14 ശതമാനമായാണ് കുറഞ്ഞത്. ധനലക്ഷ്മി ബാങ്കിന്റെ മൊത്തം എന്‍.പി.എ 1.14 ശതമാനം കുറഞ്ഞ് 4.05 ശതമാനമായി.









