തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ദിയ കൃഷ്ണയുടെ പരാതിയിൽ ജീവനക്കാരികൾ സ്റ്റേഷനിൽ ഹാജരാകണമെന്ന് പൊലീസ് നിർദേശം. ഇന്നോ നാളെയോ ഹാജരാകാമെന്ന് ആണ് യുവതികളുടെ ബന്ധുക്കൾ അറിയിച്ചിരിക്കുന്നത്.
‘ഓ ബൈ ഓസി’ എന്ന സ്ഥാപനത്തിലെ ജീവനക്കാരായ വിനിത, ദിവ്യ, രാധാകുമാരി എന്നിവർ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ചൂണ്ടികാണിച്ചാണ് ദിയ പരാതി നൽകിയത്. മൊഴിയെടുക്കാനായി ഇന്നലെ രണ്ട് തവണ പൊലീസ് ഇവരുടെ വീട്ടിലെത്തിയിരുന്നു.
കൂടാതെ ദിയയുടെ സ്ഥാപനത്തിലും പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ടാക്സ് വെട്ടിക്കാനായി സ്വന്തം അക്കൗണ്ടിലേക്ക് പണം സ്വീകരിക്കണമെന്നും, എടിഎമ്മിൽ നിന്നെടുത്ത് പണം തരണമെന്നും ദിയയാണ് തങ്ങളോട് പറഞ്ഞതെന്നാണ് ജീവനക്കാരികളുടെ വാദം.
പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയി, ഭീഷണിപ്പെടുത്തി പണം കവർന്നെന്ന് കാണിച്ച് ജീവനക്കാർ ദിയയ്‌ക്കും പിതാവും ബിജെപി നേതാവുമായ കൃഷ്ണകുമാറിനുമെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ ജീവനക്കാരുടെ പരാതിയിൽ കഴമ്പില്ലെന്ന നിഗമനത്തിലാണ് പൊലീസ്.
ദിയ കൃഷ്ണയുടെ ഫ്ളാറ്റിൽ നിന്ന് യുവതികൾ രണ്ടു കാറുകളിലായി കയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരാതിയിൽ കഴമ്പില്ലെന്ന നിഗമനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ എത്തിയത്.