പത്തനംതിട്ട: നഴ്സിങ് വിദ്യാര്‍ത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അസ്വാഭാവിക മരണത്തിനു കേസെടുത്ത് പത്തനംതിട്ട പോലീസ്. വിദ്യാർത്ഥിനി ജീവനൊടുക്കിയത് വിദ്യാർത്ഥിനികൾ തമ്മിലുളള പ്രശ്നങ്ങള്‍ മൂലമെന്നാണ് പോലീസ് നൽകുന്ന വിവരം. തിരുവനന്തപുരം സ്വദേശിനി അമ്മു എസ്. സജീവ് ആണ് മരിച്ചത്.(Nursing student committed suicide in Pathanamthitta; Police registered a case of unnatural death)
ചുട്ടിപ്പാറ കോളജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായിരുന്ന അമ്മുവിനെ ടൂര്‍ കോ- ഓഡിനേറ്ററായി തിരഞ്ഞെടുത്തിരുന്നു. എന്നാൽ ചിലര്‍ ഇതിനെ എതിർത്തു. ഇത്തരം തര്‍ക്കങ്ങള്‍ രൂക്ഷമായിരിക്കെയാണ് ഹോസ്റ്റല്‍ കെട്ടിടത്തിനു മുകളില്‍ നിന്നും ചാടിയത്. കൂടാതെ, പരീക്ഷയ്ക്ക് മുന്‍പായി സമര്‍പ്പിക്കേണ്ട ബുക്കുകളിലൊന്ന് കാണാതായതുമായി ബന്ധപ്പെട്ടും പരസ്പരം ആരോപണങ്ങള്‍ ഉയര്‍ന്നു.
ഇതിനുപിന്നാലെ അമ്മുവിന്‍റെ പിതാവ് പ്രിന്‍സിപ്പലിനു പരാതി നല്‍കിയിരുന്നു. തർക്കമുണ്ടായ പെണ്‍കുട്ടികളുടെ രക്ഷിതാക്കളോടും പരാതിക്കാരനോടും പതിനെട്ടാം തീയതി ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചു. ഇതിനു പിന്നാലെയാണ് ഇന്നലെ വൈകിട്ട് താഴേ വെട്ടിപ്രത്തെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിൽ നിന്ന് പെൺകുട്ടി ചാടിയത്. തുടർന്ന് ആശുപതിയിലേക്കുള്ള യാത്രാമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.സംഭവത്തിൽ പത്തനംതിട്ട പൊലീസ് തിങ്കളാഴ്ച സഹപാഠികളുടെയും അധ്യാപകരുടേയും മൊഴി രേഖപ്പെടുത്തും. അമ്മുവിന്‍റെ രക്ഷിതാക്കളെ മൊഴിയും എടുക്കും.