തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നടൻ ജയസൂര്യക്ക് നോട്ടീസ്. തിരുവനന്തപുരം കൻ്റോൺമെൻ്റ് സ്റ്റേഷനിൽ ഈ മാസം 15ന് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്. സെക്രട്ടറിയേറ്റിലെ ഷൂട്ടിങ്ങിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നടപടി.(Notice to actor Jayasurya in the sexual assault complaint)
പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്. ഐ പി സി 354, 354 A, 509 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്.
അതേസമയം തൊടുപുഴയിലെ ലൊക്കേഷനിൽ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ രണ്ടാമതും പൊലീസ് കേസെടുത്തിരുന്നു. തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ആരോപണങ്ങൾ ഉയർന്ന സമയത്ത് നടൻ അമേരിക്കയിലായിരുന്നു. ഒരു മാസത്തിന് ശേഷമാണ് താരം തിരിച്ചു വന്നത്.