ജോഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള രണ്ടാം സെഞ്ച്വറി നേട്ടത്തെ കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്ന് സഞ്ജു സാംസൺ. കഴിഞ്ഞ പ്രാവശ്യം സെഞ്ച്വറി നേടിയതിന് ശേഷം കൂടുതൽ സംസാരിച്ചെന്നും എന്നാൽ അതിന് പിന്നാലെ രണ്ടു മത്സരങ്ങളിൽ ഡക്കായെന്നും സഞ്ജു പറഞ്ഞു.
‘അതുകൊണ്ട് തന്നെ കൂടുതലൊന്നും പറയുന്നില്ല. ഈ സെഞ്ച്വറി നേട്ടത്തെ കുറിച്ച് പറയാനുള്ളത് കൂടി അന്ന് പറഞ്ഞതായി കണക്കാക്കണമെന്നും’ തമാശ കലർത്തിയ ഭാഷയിൽ സഞ്ജു പറഞ്ഞു. കഴിഞ്ഞ തവണ സെഞ്ച്വറി നേടിയതിനുശേഷം കൂടുതൽ സംസാരിച്ചു.
അതിന് പിന്നാലെ രണ്ട് മത്സരങ്ങളിൽ ഡക്കായെന്ന് താരം തമാശരൂപേണ പറഞ്ഞു. പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ സഞ്ജു പിന്നീട് തുടർച്ചയായി രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്താവുകയായിരുന്നു.
‘ജീവിതത്തിൽ ഒട്ടേറെ പരാജയങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട്. തുടർച്ചയായി രണ്ട് സെഞ്ച്വറികൾ നേടിയതിന് പിന്നാലെ രണ്ട് ഡക്കുകൾ.
അപ്പോഴും ആത്മവിശ്വാസം കൈവിട്ടിരുന്നില്ല. എന്നിൽതന്നെ അടിയുറച്ച് വിശ്വസിച്ചു. കഠിനമായി അധ്വാനിച്ചു. അതിന്റെ ഫലമാണ് ലഭിച്ചത്. ഇന്നിംഗ്‌സിന്റെ തുടക്കത്തിൽ അഭിഷേകും തിലകും കാര്യമായി സഹായിച്ചു.
തിലകിനെ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി താരമെന്ന് നിസംശയം പറയാം. എന്തായാലും കൂടുതൽ സംസാരിക്കുന്നില്ല. കഴിഞ്ഞ തവണ കൂടുതൽ സംസാരിച്ചു. പിന്നാലെ രണ്ട് മത്സരങ്ങളിൽ ഡക്കായി’- എന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം.
സഞ്ജു സാംസണിന്റെയും തിലക് വർമയുടെയും തകർപ്പൻ സെഞ്ച്വറികളുടെ ബലത്തിൽ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിൽ, ദക്ഷിണാഫ്രിക്കയ്ക്കെതിരെ 135 റൺസിന്റെ കൂറ്റൻ ജയം നേടിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
നേരത്തേ അടിച്ചു തകർത്ത സഞ്ജു 56 പന്തിൽ 6 ഫോറും 9 സിക്സും ഉൾപ്പെടെ പുറത്താകാതെ 109 റൺസും തിലക് 47 പന്തിൽ 9 ഫോറും 10 സിക്സും ഉൾപ്പെടെ പുറത്താകാതെ 120 റൺസുമാണ് നേടിയത്.