വയറിലെ അണുബാധയായ നോറോവൈറസ് യുഎസില്‍ ആശങ്കയുണ്ടാക്കുന്നവിധം പടർന്ന് പിടിക്കുന്നു. ഡിസംബർ ആദ്യവാരം മാത്രം 90ലധികം കേസുകളാണ് രേഖപ്പെടുത്തിയത്.
ഈ മാസം ലോസ് ആഞ്ചല്‍സില്‍ വിളമ്പിയ മുത്തുച്ചിപ്പി കഴിച്ച് 80 പേരെങ്കിലും രോഗബാധിതരായിട്ടുണ്ട്. മുത്തുച്ചിപ്പി തിരിച്ചുവിളിക്കും മുന്‍പ് 14 യുഎസ് സംസ്ഥാനങ്ങളിൽ വിറ്റിരുന്നു. ഈ സംസ്ഥാനങ്ങളിലൊക്കെ രോഗം പടരാന്‍ ഇടയായി.
ഇന്ത്യയില്‍ നോറോവൈറസ് കേരളത്തിലുള്ളവരെയും നേരത്തെ ബാധിച്ചിട്ടുണ്ട്. പകർച്ചവ്യാധിയായ വൈറസാണിത്. മലിനമായ ഭക്ഷണം, വെള്ളം എന്നിവയിലൂടെയാണ് ഇത് പകരുന്നത്. വയറിളക്കമാണ് പ്രധാന ലക്ഷണം.
പ്രാരംഭ ലക്ഷണങ്ങൾ ഛർദ്ദിയും വയറിളക്കവുമാണ്, ഇത് വൈറസ് ബാധിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷം പ്രത്യക്ഷപ്പെടുകയാണ് പതിവ്. രോഗികൾക്ക് ഓക്കാനം അനുഭവപ്പെടുകയും വയറുവേദന, പനി, തലവേദന, ശരീരവേദന എന്നിവ അനുഭവപ്പെടുകയും ചെയ്യും. ചില സന്ദർഭങ്ങളിൽ നിർജ്ജലീകരണം വരെ സംഭവിച്ചേക്കാം.
ഒരാൾക്ക് തന്നെ ഒന്നിലധികം തവണ രോഗം ബാധിച്ചേക്കാം. ഹാൻഡ് സാനിറ്റൈസറുകൾ പോലുള്ള നിരവധി അണുനാശിനികള്‍ ഉപയോഗിച്ച് ഇതിനെ പ്രതിരോധിക്കാം. 60 ഡിഗ്രി സെൽഷ്യസ് വരെയുള്ള ചൂടിനെ നേരിടാന്‍ വൈറസിന് കഴിയും. അതുകൊണ്ട് ഭക്ഷണം ആവിയിൽ വേവിക്കുകയോ വെള്ളം ക്ലോറിനേറ്റ് ചെയ്യുകയോ ചെയ്യുന്നത് കാരണം വൈറസ് നശിച്ചുപോകില്ല.