തിരുവനന്തപുരം: പേട്ടയിൽ നിന്ന് തട്ടിക്കൊണ്ട് പോയ ശേഷം ഉപേക്ഷിച്ച രണ്ട് വയസുകാരി ഇനി മാതാപിതാക്കൾക്കൊപ്പം.കുട്ടിയുമായി മാതാപിതാക്കൾ ഇന്ന് തന്നെ ഹൈദരാബാദിലേക്ക് പോകും. കഴിഞ്ഞ 17 ദിവസമായി കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലായിരുന്നു കുട്ടി.
കഴിഞ്ഞ് ദിവസം കുട്ടിയുടെ ഡിഎന്‍എ പരിശോധന ഫലം വന്നിരുന്നു.കുട്ടി ബിഹാര്‍ സ്വദേശികളുടേതെന്ന് തന്നെയാണെന്ന ഡിഎന്‍എ ഫലം വന്നതോടെയാണ് പൂജപ്പുരയിലെ ചിൽഡ്രൻസ് ഹോമിൽ നിന്ന് കുട്ടിയെ മാതാപിതാക്കൾ കൈമാറിയത്. കുട്ടിയെ തിരികെ കിട്ടിയതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് കുട്ടിയുടെ അച്ഛൻ മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിന് നന്ദിയുണ്ടെന്നും എത്രയും വേഗം നാട്ടിലേക്ക് പുറപ്പെടുമെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു.
രണ്ട് ആഴ്ച മുമ്പാണ് ബിഹാർ സ്വദേശികളായ നാടോടി ദമ്പതികളുടെ കുഞ്ഞിനെ പേട്ടയില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. സഹോദരങ്ങള്‍ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു കുട്ടി. പിന്നീട് 20 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ് കൊച്ചുവേളി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ഓടയിൽ നിന്നും കുഞ്ഞിനെ കണ്ടെത്തുന്നത്. പ്രതിയെ പിടികൂടാൻ നിർണായകമായത് സിസിടിവി ദൃശ്യങ്ങളും ജയിൽ രേഖകളുമാണെന്ന് പൊലീസ് വ്യക്തമാക്കി.
കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി ഹസനെ കഴിഞ്ഞി ദിവസം കൊല്ലത്ത് നിന്ന് പൊലീസ് പിടികൂടിയിരുന്നു. തിരുവനന്തപുരം നാവായിക്കുളത്താണ് പ്രതി ഹസൻ താമസിക്കുന്നത്. പോക്സോ കേസ് പ്രതിയാണ് ഇയാൾ. ജയിലിൽ നിന്നിറങ്ങി രണ്ടാം മാസമാണ് ഇയാൾ പേട്ടയിൽ നിന്നും കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയത് ഉപദ്രവിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്നും കരഞ്ഞപ്പോൾ വായ പൊത്തിപ്പിടിക്കുകയും പിന്നീട് കുഞ്ഞിന്റെ ബോധം മറഞ്ഞതോടെ കുഞ്ഞിനെ ഓടയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. അയിരൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ച കേസിലാണ് ഇയാള്‍ മുന്‍പ് അറസ്റ്റിലായത്.